കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും പ്രമോഷനുമില്ല; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്ക് നിയമനാംഗീകാരവും സ്ഥാനക്കയറ്റവും അനുവദിക്കില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തത വന്നതിനുശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ. സുപ്രീംകോടതി വിധിപ്രകാരം 2028 സെപ്റ്റംബർ ഒന്നിന് മുമ്പ് അധ്യാപകർ കെ-ടെറ്റ് യോഗ്യത നേടണം. പി.എസ്.സി. അഡ്വൈസ് ലഭിച്ച യോഗ്യതയില്ലാത്തവർക്ക് താൽക്കാലികമായി നിയമനം നൽകും.

കോടതി വിധിക്ക് മുമ്പ് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന അധ്യാപകരുടെ കേസുകൾ പരിശോധിച്ച് ശമ്പളം അനുവദിക്കാനും ഉത്തരവുണ്ട്. നിലവിൽ സർവീസിലുള്ള അധ്യാപകർ ഉൾപ്പെടെ കെ-ടെറ്റ് യോഗ്യത നേടണമെന്ന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ സർക്കാർ അനുവദിച്ചിരുന്ന ഇളവുകളും ഒഴിവാക്കിയിരുന്നു.

എൽ.പി. വിഭാഗത്തിൽ കെ-ടെറ്റ് ഒന്നും യു.പി. വിഭാഗത്തിൽ കെ-ടെറ്റ് രണ്ടുമാണ് സാധാരണ യോഗ്യത. ഉയർന്ന തലത്തിലുള്ള കെ-ടെറ്റ് യോഗ്യതയുള്ളവർക്കും നിയമനം നൽകാമെന്ന് നേരത്തേ ഉത്തരവിറക്കിയിരുന്നു. അതേസമയം, സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമല്ലെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പും ഉത്തരവിറക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *