പത്മജക്ക് പിന്നാലെ ബിജെപിയ്ക്ക് വീണ്ടും തിരിച്ചടി ; ന്യൂനപക്ഷ മോര്‍ച്ച പ്രതിനിധി പത്മിനി തോമസും കോണ്‍ഗ്രസിലേക്ക്

തിരുവനന്തപുരം: പത്മജാ വേണുഗോപാലിന് പിന്നാലെ ബിജെപിയ്ക്ക് മറ്റൊരു തിരിച്ചടി നല്‍കിക്കൊണ്ട് ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പത്മിനി തോമസും പാര്‍ട്ടിവിട്ടു. കായികതാരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ പത്മിനി തോമസ് 2024 ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയത്. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി അവര്‍ വ്യക്തമാക്കുന്നു.

രണ്ടു ദിവസത്തിനിടയില്‍ ബിജെപി വിടുന്ന രണ്ടാമത്തെ വനിതാനേതാവാണ് പത്മിനി തോമസ്. രാജിക്കത്ത് ഇന്ന് പാര്‍ട്ടിക്ക് സമര്‍പ്പിക്കും. താന്‍ തിരിച്ചുപോകുന്നെങ്കില്‍ അത് കോണ്‍ഗ്രസിലേക്ക് ആയിരിക്കുമെന്നും പറഞ്ഞു. ഒരു പദവിയൂം പ്രതീക്ഷിച്ചല്ല കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുന്നതെന്നും സാധാരണ പ്രവര്‍ത്തകയായി തുടരുമെന്നും പറഞ്ഞു. ബിജെപിയില്‍ ചേക്കേറിയ ശേഷമുള്ള രണ്ടുവര്‍ഷം രാഷ്ട്രീയപരമായും കായികപരമായും ഒന്നും ചെയ്യാനില്ലെന്നും ന്യൂനപക്ഷ വൈസ് പ്രസിഡന്റ് പദവി വെറുതേ ഇരിക്കുന്ന ഒന്നാണെന്നും പറഞ്ഞു. നിയമസഭയിലേക്ക് പരിഗണിക്കുമെന്നും കായിക വിഭാഗത്തില്‍ ചുമതല നല്‍കുമെന്നുമെല്ലാം ബിജെപിയില്‍ ചേക്കേറുമ്പോള്‍ കിട്ടിയ വാഗ്ദാനങ്ങളെല്ലാം കാറ്റില്‍ പറത്തിയെന്നും പറഞ്ഞു.

നരേന്ദ്രമോദി സ്‌പോര്‍ട്‌സിനോട് കാണിച്ചിരുന്ന താല്‍പ്പര്യവും ഇന്ത്യയുടേയും കേരളത്തിന്റെയും കായികരംഗത്ത് എന്തെങ്കിലും ചെയ്യാമെന്നൊക്കെ കരുതിയാണ് ബിജെപിയിലേക്ക് പോയത്. അന്ന് അനേകം വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. നിയമസഭാ സീറ്റിലേക്ക് പരിഗണിക്കും എന്നതടക്കമായിരുന്നു വാഗ്ദാനം. എന്നാല്‍ തനിക്ക് കിട്ടിയത് ന്യൂനപക്ഷ മോര്‍ച്ചയുടെ പദവി മാത്രമായിരുന്നു. അതില്‍ ഒന്നും ചെയ്യാനില്ലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും സീറ്റ് നല്‍കിയത് കോര്‍പ്പറേഷന്‍ വാര്‍ഡില്‍ മാത്രമായിരുന്നു.

കോണ്‍ഗ്രസ് തന്റെ കുടുംബമാണ്. അതിലൂടെയാണ് താന്‍ ഉയര്‍ന്നു വന്നത്. കെപിസിസി പ്രസിഡന്റുമായുള്ള നേരിയ അഭിപ്രായഭിന്നതയാണ് കോണ്‍ഗ്രസ് വിടാന്‍ കാരണമായത്. ഇപ്പോള്‍ അതില്‍ വിഷമമുണ്ടെന്നും പത്മിനി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ പാര്‍ട്ടി നേതൃത്വവുമായി സംസാരിച്ചെന്നും പത്മിനി പറഞ്ഞു. പദവി പ്രതീക്ഷിച്ചല്ല കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നതെന്നും ഒരു പ്രവര്‍ത്തകയായി തുടരാനാണ് ആഗ്രഹമെന്നും പറഞ്ഞു. പോകുകയാണെങ്കില്‍ കോണ്‍ഗ്രസിലേക്കേ തിരിച്ചുപോകൂ എന്നും പറഞ്ഞു. 2020 ല്‍ കോണ്‍ഗ്രസിന്റെ തിരുവനന്തപുരത്തെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ആദ്യം പരിഗണിക്കപ്പെട്ടയാളാണ് പത്മിനി. എന്നാല്‍ പിന്നീട് സീറ്റ് നിഷേധിച്ചു. ഇതെല്ലാം അതൃപ്തിക്ക് കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *