കൊച്ചി: ദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും ജനങ്ങൾക്ക് കൈത്താങ്ങാകാൻ സിഐടിയു രൂപീകരിച്ച സന്നദ്ധ സേനയായ റെഡ് ബ്രിഗേഡിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ നടന്നു. എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. ശാസ്ത്രീയ പരിശീലനം ലഭിച്ച അയ്യായിരത്തോളം സന്നദ്ധ പ്രവർത്തകർ ചടങ്ങിൽ അണിനിരന്നു.
സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സമയോചിതമായി ഇടപെടുന്നവരാണ് ചുമട്ടുതൊഴിലാളികളെന്ന് പിണറായി വിജയൻ പറഞ്ഞു. സ്വന്തം ജീവൻ പോലും പരിഗണിക്കാതെയുള്ള തൊഴിലാളികളുടെ സേവനത്തിന് ഉദാഹരണമാണ് കൊവിഡ് കാലത്തെ പ്രവർത്തനങ്ങൾ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം നേരിട്ടപ്പോൾ മഴയെപ്പോലും അവഗണിച്ച് ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച് വലിയ പ്രതിസന്ധി ഒഴിവാക്കാൻ ചുമട്ടുതൊഴിലാളികൾക്ക് കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
റോഡപകടങ്ങൾ, തീപിടിത്തങ്ങൾ, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ചുമട്ടുതൊഴിലാളികൾ സജീവമായി രംഗത്തിറങ്ങാറുണ്ട്. പ്രളയകാലത്ത് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്തും കൊവിഡ് കാലത്ത് അവശ്യസാധനങ്ങൾ വീടുകളിലെത്തിച്ചും ഇവർ സേവനം നടത്തി. മുണ്ടക്കൈ-ചൂരൽമല ദുരന്തങ്ങളിലും രക്ഷാപ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചു.
എറണാകുളത്ത് ആരംഭിച്ച കനിവ്, തിരുവനന്തപുരത്ത് രൂപീകരിച്ച ബ്ലൂ ബ്രിഗേഡ് എന്നീ സന്നദ്ധ പ്രവർത്തക സംഘങ്ങളുടെ മാതൃകയിലാണ് സംസ്ഥാനതലത്തിൽ റെഡ് ബ്രിഗേഡിന് രൂപം നൽകിയത്. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനാണ് സേനയ്ക്ക് ബ്ലൂ ബ്രിഗേഡ് എന്ന പേര് നൽകിയത്.
തിരുവനന്തപുരം നഗരത്തിലെ തീപിടിത്തം, തമ്പാനൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള ഉഡുപ്പി ലോഡ്ജ് തകർന്നുവീണ സംഭവം തുടങ്ങിയ ദുരന്തങ്ങളിലും ചുമട്ടുതൊഴിലാളികളുടെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിതവും കാര്യക്ഷമവുമാക്കുകയാണ് പുതിയ സേനയുടെ ലക്ഷ്യം.
ചടങ്ങിൽ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, മുൻ മന്ത്രി വി. ശിവൻകുട്ടി, സിഐടിയു സംസ്ഥാന സെക്രട്ടറി പി.പി. ചിത്തരഞ്ജൻ തുടങ്ങിയവർ പങ്കെടുത്തു.
സർക്കാർ ഉത്തരവുകൾ കാണൂ