ദേശീയ പരീക്ഷകളുടെ വിശ്വാസ്യത ഇനി വീണ്ടെടുക്കും, നീറ്റടക്കം പരീക്ഷകൾക്ക് 5000ത്തിലേറെ പേരുടെ പാനൽ

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയാനും ദേശീയ പരീക്ഷകളുടെ വിശ്വാസ്യത വീണ്ടെടുക്കാനും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) സമഗ്ര പരിഷ്‌കാരത്തിന് സജ്ജമാകുന്നു. വിപുലമായ ചോദ്യശേഖരത്തിൽനിന്ന് പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ചോദ്യപേപ്പർ അന്തിമമാക്കുന്ന രീതിയാണ് ഇതിൽ പ്രധാനം. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകൾക്കായി അക്കാഡമിക് വിദഗ്ധർ, ശാസ്ത്രജ്ഞർ, ഗവേഷകർ, അദ്ധ്യാപകർ, പരിഭാഷകർ എന്നിവരടങ്ങുന്ന 5,000ത്തിലേറെ പേരുടെ പുതിയ പാനൽ രൂപീകരിച്ചു.ഏജൻസിയുടെ ആസ്ഥാനം ഡൽഹിയിലെ ഒഖ്ലയിൽനിന്ന് മിന്റോ റോഡിലെ സർക്കാർ പ്രസിലേക്കു മാറ്റി. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പരിഷ്‌കാരങ്ങൾ.

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച വിവാദവും വിദ്യാർത്ഥി പ്രക്ഷോഭവും ഉയർന്നതിനെത്തുടർന്നാണ് എൻ.ടി.എയുടെ അഴിച്ചുപണി. നേരത്തേ 600ഓളം വിഷയവിദഗ്ധരെ പാനലിൽനിന്ന് ഒഴിവാക്കിയിരുന്നു. പുതിയ പാനലിൽ അംഗങ്ങളാകുന്നവരെ നാലുതല പരിശോധനയ്ക്കുശേഷമാണ് തിരഞ്ഞെടുക്കുന്നത്. വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, ഗവേഷണനേട്ടങ്ങൾ, ചോദ്യപേപ്പർ തയ്യാറാക്കിയുള്ള പരിചയം എന്നിവ വിലയിരുത്തും. കോച്ചിംഗ് സ്ഥാപനങ്ങളുമായി ബന്ധമുള്ളവരെ ഒഴിവാക്കും. രഹസ്യസ്വഭാവമുള്ള ജോലികൾ ഏൽപ്പിക്കുന്നവർ ഓരോ ദൗത്യത്തിനും മുമ്പ് രഹസ്യസ്വഭാവ കരാറിലും ഒപ്പിടണം.

വിവിധ വിഷയങ്ങളിൽനിന്ന് ചോദ്യങ്ങൾ ശേഖരിച്ച് വിപുലമായ ചോദ്യബാങ്കാണ് തയ്യാറാക്കുക. ഏത് പരീക്ഷയ്ക്കാണ് ചോദ്യങ്ങൾ ഉപയോഗിക്കുകയെന്നോ ഏതൊക്കെ ചോദ്യങ്ങളാണ് തിരഞ്ഞെടുക്കുകയെന്നോ അവ തയ്യാറാക്കുന്ന വിദഗ്ധർക്ക് മുൻകൂട്ടി അറിയാനാകില്ല. പരീക്ഷയ്ക്ക് മിനിട്ടുകൾ മാത്രം ശേഷിക്കെ ചോദ്യബാങ്കിൽനിന്ന് ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ചോദ്യപേപ്പർ അന്തിമമാക്കും. ചില പ്രവേശനപരീക്ഷകളിൽ ഈ രീതി ഇതിനകം നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. ചോദ്യങ്ങൾ തയ്യാറാക്കുന്നതു മുതൽ പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *