ലണ്ടൻ: ഇംഗ്ലണ്ടിലെ പ്രകൃതിസംരക്ഷണ കേന്ദ്രമായ ചഡ്ലീ നൈറ്റൺ ഹീത്തിൽ നിന്ന് അയ്യായിരത്തിലധികം അപൂർവ ഇനം ഉറുമ്പുകളടങ്ങിയ കൂട് മോഷ്ടിക്കപ്പെട്ടു. കടുത്ത വംശനാശ ഭീഷണി നേരിടുന്ന ഇനത്തിൽപ്പെട്ട 'നാരോ-ഹെഡഡ് ആന്റ്' എന്ന ഉറുമ്പ് വർഗത്തിന്റെ കൂടാണ് മോഷ്ടിക്കപ്പെട്ടത്.
ഒക്ടോബർ പകുതിയോടെ പതിവ് പരിശോധനയ്ക്കിടെയാണ് കൂടിരുന്ന സ്ഥലം കുഴിച്ചിരിക്കുന്നത് ഗവേഷകർ കണ്ടത്. മൺവെട്ടി ഉപയോഗിച്ച് കൂട് ഇളക്കിമാറ്റിയതിന്റെ ലക്ഷണങ്ങൾ അവിടെയുണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ ഈ വർഗത്തിൽപ്പെട്ട ഉറുമ്പുകൾ അവശേഷിക്കുന്ന ഏക സ്ഥലമാണ് ചഡ്ലീ നൈറ്റൺ ഹീത്ത്.
സാധാരണയായി ഇത്തരം ഒരു കൂട്ടിൽ 1000 മുതൽ 5000 വരെ ഉറുമ്പുകളും മുട്ടയിടുന്ന ഒന്നോ അതിലധികമോ റാണി ഉറുമ്പുകളുമുണ്ടാകും. ഇതിലെ റാണി ഉറുമ്പുകൾക്ക് 25 വർഷം വരെ ആയുസുണ്ട്. വർഷങ്ങളുടെ പ്രയത്നത്തിലൂടെയാണ് ഇത്തരത്തിൽ ഈ ഉറുമ്പുകളുടെ കൂട് വികസിപ്പിച്ചെടുക്കുന്നത്. അതിനാൽ ഈ മോഷണം വലിയ നഷ്ടമാണെന്നാണ് ഗവേഷകർ പറയുന്നത്.
സാധാരണക്കാർക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയാത്ത രീതിയിലാണ് ഈ ഉറുമ്പുകൂടുകൾ സ്ഥിതിചെയ്യുന്നത്. അതിനാൽ ഇതിനെക്കുറിച്ച് കൃത്യമായി അറിയാവുന്ന ആരെങ്കിലുമാകാം മോഷണത്തിന് പിന്നാലെന്നാണ് ഡെവോൺ വൈൽഡ്ലൈഫ് ട്രസ്റ്റിലെ ഉദ്യോഗസ്ഥനായ സ്റ്റീഫൻ ഹസ്സി പറയുന്നത്. സംഭവത്തിൽ ഡെവോൺ ആൻഡ് കോൺവാൾ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം.