പങ്കാളിയുടെ കുത്തേറ്റ കീർത്തനയുടെ നില ഗുരുതരം: മുൻവൈരാഗ്യമാണ് കാരണം, ഒരാഴ്ച മുൻപ് കത്തി വാങ്ങിയെന്ന് ജിനീഷിന്റെ മൊഴി

കോഴിക്കോട്: പങ്കാളിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കീർത്തന ചികിത്സയിൽ കഴിയുന്നത്. അഞ്ചുതവണയാണ് കീർത്തനയ്ക്ക് കുത്തേറ്റത്. ഇതിൽ കഴുത്തിലേറ്റ മുറിവ് ആഴത്തിലുള്ളതാണെന്നാണ് വിവരം.

ശനിയാഴ്ച വടകര പോലീസ് സ്റ്റേഷൻ വളപ്പിൽവെച്ചാണ് കീർത്തനയെ പങ്കാളിയായ ജിനീഷ് കുത്തിപ്പരിക്കേൽപ്പിച്ചത്. എംഡിഎംഎ കേസിലെ ജാമ്യവ്യവസ്ഥയുടെ ഭാഗമായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ കീർത്തനയെ പോലീസ് ഉടൻ ആശുപത്രിയിലെത്തിച്ചു. സംഭവത്തിന് പിന്നാലെ ജിനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ജിനീഷ് പോലീസിന് നൽകിയ മൊഴി. ബിആർസി അധ്യാപികയായ കീർത്തനയും ജിനീഷും രണ്ടുവർഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇരുവർക്കുമിടയിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കീർത്തനയുടെ ചില സൗഹൃദങ്ങളിൽ ജിനീഷിന് എതിർപ്പുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഇൻസ്റ്റഗ്രാം പോസ്റ്റുകളും സുഹൃത്തുക്കളുടെ ഭീഷണിയും തന്നെ പ്രകോപിപ്പിച്ചതായും ആക്രമണത്തിനായി ഒരാഴ്ച മുൻപ് കത്തി വാങ്ങിയതായും ജിനീഷ് മൊഴി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *