നിങ്ങള്‍ക്ക്‌ എന്നെ പിടിക്കാനാവില്ല സര്‍…; മയങ്ങാതെ ചക്കക്കൊമ്പന്‍, റേഡിയോ കോളര്‍ ഘടിപ്പിക്കാനായില്ല, ദൗത്യം താല്‍ക്കാലികമായി അവസാനിപ്പിച്ചു

മൂന്നാര്‍: ചക്കക്കൊമ്പനെ മയക്കുവെടിവെച്ച്‌ റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ദൗത്യം താല്‍ക്കാലികമായി അവസാനിപ്പിച്ചു. മൂന്ന്‌ ദിവസം നീണ്ട ദൗത്യത്തിനിടെ കാട്ടാനയ്‌ക്ക് മൂന്ന്‌ തവണ മയക്കുവെടിയേറ്റെങ്കിലും റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ മയങ്ങാത്തതാണ്‌ തിരിച്ചടിയായത്‌. കാലാവസ്‌ഥ അനുകൂലമാകുകയും കുന്നുകളിലെ പുല്ല്‌ ഉണങ്ങി കാഴ്‌ച കൂടുതല്‍ തെളിയുകയും ചെയ്യുന്ന ഘട്ടത്തില്‍ ദൗത്യം പുനരാരംഭിക്കുമെന്ന്‌ വനം വകുപ്പ്‌ അറിയിച്ചു.

നിലവില്‍ ചിന്നക്കനാല്‍ റിസര്‍വ്‌ ഫോറസ്‌റ്റ് മേഖലയിലാണ്‌ ചക്കക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത്‌. ആന ജനവാസ മേഖലയില്‍ പ്രവേശിക്കാതിരിക്കാന്‍ വനംവകുപ്പ്‌ നടത്തുന്ന നിരീക്ഷണവും മുന്നറിയിപ്പ്‌ സംവിധാനവും തുടരുമെന്ന്‌ ഹൈറേഞ്ച്‌ സര്‍ക്കിള്‍ സി.സി.എഫ്‌. ഡി.കെ. വിനോദ്‌ കുമാര്‍ അറിയിച്ചു. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ചക്കക്കൊമ്പന്‍ ദൗത്യം തുടരാനാണ്‌ തീരുമാനം.

ദൗത്യത്തിന്റെ മൂന്നാം ദിനമായ ഇന്നലെ രാവിലെ തന്നെ ചക്കക്കൊമ്പനെ കണ്ടെത്തി നിരീക്ഷണം ആരംഭിച്ചിരുന്നു. ഇതിനിടെ ഒരു പിടിയാനയും കുഞ്ഞും സ്‌ഥലത്തെത്തിയിരുന്നു. ഓമനക്കുഴി ഭാഗത്തുവച്ച്‌ ആനയ്‌ക്ക് നേരെ ആദ്യ മയക്കുവെടി ഉതിര്‍ത്തു. ഈ സമയം ജലാശയത്തില്‍ നിന്ന്‌ ഏകദേശം 300 മീറ്റര്‍ അകലെയായിരുന്നു ആന. വെടിയേറ്റതോടെ ആന മറ്റൊരിടത്തേക്ക്‌ നീങ്ങിയെങ്കിലും ദൗത്യസംഘം നിരീക്ഷണം തുടര്‍ന്നു.പിന്നീട്‌ സാഹചര്യം അനുകൂലമായതോടെ രണ്ടാം തവണയും മയക്കുവെടിയുതിര്‍ത്തു. അപ്പോള്‍ ജലാശയത്തില്‍ നിന്ന്‌ ഏകദേശം 100 മീറ്റര്‍ അകലെയായിരുന്നു ആന. വെടിയേറ്റ ഉടന്‍ ആന വേഗത്തില്‍ നീങ്ങി ജലാശയത്തിലിറങ്ങി മറുകരയിലേക്ക്‌ നീന്തി. ബോട്ടില്‍ ദൗത്യസംഘവും പിന്നാലെ നീങ്ങി. മറുകരയിലെ മണ്‍തിട്ടയില്‍ എത്തിയ ആനയ്‌ക്ക് വേഗത്തില്‍ കരയിലേക്ക്‌ കയറാനായില്ല. ഇതോടെ ആശങ്ക ഉയര്‍ന്നു. വെള്ളത്തില്‍ അര മണിക്കുറോളം തുടര്‍ന്നു. ഇതേ തുടര്‍ന്ന്‌ ദൗത്യസംഘം ആന്റിഡോട്ട്‌ നല്‍കി. തുടര്‍ന്ന്‌ ആന കരയിലേക്ക്‌ കയറി. കരമാര്‍ഗവും ബോട്ടിലുമായി കൂടുതല്‍ ദൗത്യസംഘം സ്‌ഥലത്തെത്തി. കുങ്കിയാനകളെയും എത്തിച്ച്‌ റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ ശ്രമിച്ചു. ഇതിനിടെ ചക്കക്കൊമ്പന്‍ ദൗത്യസംഘത്തിന്‌ നേരെ പാഞ്ഞടുത്തു. നേരം ഇരുട്ടിയതോടെ ദൗത്യം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യദിനം മുതല്‍ കനത്ത മഴയും മൂടല്‍മഞ്ഞും കാഴ്‌ചപരിമിതിയും ദൗത്യത്തിന്‌ വെല്ലുവിളിയായിരുന്നു.

അലന്‍ നിഥിന്‍ സ്‌റ്റീഫന്‍

Leave a Reply

Your email address will not be published. Required fields are marked *