ജീവനക്കാരെ കുറച്ച് ജോലി പുനഃക്രമീകരണം നടത്താൻ സ്വിഗ്ഗി, 340 ജോലിക്കാരെ ഇൻസ്റ്റമാർട്ടിൽ നിന്ന് പുറത്താക്കി

ലോകമാകെ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തനങ്ങൾ പുനർനിർണയിക്കുന്ന നടപടിയിലാണ് കമ്പനികൾ. ഇതിന്റെ ഭാഗമായി നിരവധി സ്ഥാപനങ്ങളാണ് ജീവനക്കാരെ ജോലിയിൽ നിന്നും ഒഴിവാക്കുന്നത്. ഇന്ത്യയിലും അത്തരത്തിൽ നടപടിയെടുത്തിരിക്കുകയാണ് ഓൺലൈൻ ഫുഡ്‌ഡെലിവറി ആപ്പായ സ്വിഗ്ഗി. അവരുടെ ഓൺലൈൻ ഗ്രോസറി സ്റ്റോറായ ഇൻസ്റ്റമാർട്ടിൽ 340 പേരെ പിരിച്ചുവിടാനൊരുങ്ങുകയാണ്.

തങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി പുനഃക്രമീകരണം നടത്തുന്നതിന്റെ ഭാഗമായാണ് 340 പേരെ കമ്പനി പുറത്താക്കുന്നത്. ആഗോളതലത്തിൽ ജനറേറ്റീവ് എഐ സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിനും പ്രവർത്തനങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നതിനുമാണിത്. ഇന്ത്യയിൽ ശക്തമായ മത്സരം നടക്കുന്ന മേഖലകൂടിയാണ് ക്വിക്ക് കൊമേഴ്‌സ് ശൃംഖലകളുടേത്. ബ്ളിങ്കിറ്റ്, സെപ്‌റ്റോ, എന്നിവ അവരുടെ വിതരണശൃംഖല വിസ്‌തൃതമാക്കുന്നുണ്ട്. ഇതോടെ ചെലവ് നിയന്ത്രിക്കുന്നതിനും വിതരണം മെച്ചപ്പെടുത്താനുമാണ് ഇൻസ്റ്റ‌മാർട്ടിൽ ആളെ കുറയ്‌ക്കുന്നത്.

പുനഃസംഘടന ബാധിക്കപ്പെട്ട ജീവനക്കാർക്ക് സഹായപാക്കേജും സ്വിഗ്ഗി മുന്നോട്ടുവയ്‌ക്കുന്നുണ്ട്. പിരിച്ചുവിടൽ ആനുകൂല്യങ്ങൾ, നിയമപരമായ പേയ്‌മെന്റുകൾ ഒപ്പം 2027 മേയ് വരെ നീളുന്ന ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ എന്നിവയും കമ്പനി നൽകും. കമ്പനി എന്നാൽ തങ്ങളുടെ നടപടിയെ കുറിച്ച് ഇതുവരെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞവർഷം സെപ്‌തംബറിൽ ഇൻസ്റ്റമാർട്ടിന്റെ പ്രധാന നഷ്‌ടം 8.49 മില്യൺ ഡോളറാണെങ്കിൽ ഈ വർഷം അത് 8.95 മില്യൺ ഡോളറായി വർദ്ധിച്ചു. പുതിയ സ്റ്റോറുകൾ തുറക്കുന്നതിന് പകരം നിലവിലെ വിപണിയിൽ ശക്തിവർദ്ദിപ്പിക്കുന്നതിനാണ് കമ്പനി ശ്രമിക്കുന്നത്. ഡെലിവറി പാർട്ട്‌ണർമാരല്ലാതെ സ്വിഗ്ഗിക്ക് 9047 ജീവനക്കാരാണ് നിലവിലുള്ളത്. ഇതിൽ ഇൻസ്റ്റമാർട്ടിൽ മാത്രം‌ എത്ര ജീവനക്കാരുണ്ടെന്ന് എന്നാൽ കമ്പനി വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *