നിങ്ങള്‍ ലയിച്ചില്ലേ ? എല്‍.ഡി.എഫ്‌. യോഗത്തില്‍ സി.എസ്‌.പിക്ക്‌ നേതാക്കള്‍ക്ക്‌ പിണറായിയുടെ വിമര്‍ശനം

തിരുവനന്തപുരം: കോണ്‍ഗ്രസ്‌-എസും എന്‍.സി.പിയും ലയിച്ച്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്‌റ്റ് പാര്‍ട്ടി (സി.എസ്‌.പി) രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ എല്‍.ഡി.എഫ്‌. യോഗത്തില്‍ പാര്‍ട്ടി പ്രതിനിധികളായി നാലുപേര്‍ പങ്കെടുത്തതില്‍ സി.പി.എമ്മിന്‌ അതൃപ്‌തി.

യോഗത്തില്‍ അധ്യക്ഷത വഹിച്ച പ്രതിപക്ഷനേതാവ്‌ പിണറായി വിജയന്‍ പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ചതോടെ പുതിയ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക്‌ വിശദീകരണം നല്‍കേണ്ടിവന്നു. 'നിങ്ങള്‍ ലയിച്ചില്ലേ? പിന്നെന്തിനാണ്‌ ഓരോരുത്തരായി വരുന്നതും സംസാരിക്കുന്നതും?' എന്നായിരുന്നു പിണറായിയുടെ ചോദ്യം. ഇതോടെ യോഗത്തില്‍ പുതിയ പാര്‍ട്ടിയുടെ പ്രതിനിധികള്‍ നിശബ്‌ദരായി. ഒരു പാര്‍ട്ടിയില്‍നിന്ന്‌ പരമാവധി രണ്ടുപേര്‍ക്കാണ്‌ എല്‍.ഡി.എഫ്‌ യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്‌.

രാമചന്ദ്രന്‍ കടന്നപ്പള്ളി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്‌-എസും എന്‍.സി.പിയിലെ എ.കെ. ശശീന്ദ്രന്‍, തോമസ്‌ കെ. തോമസ്‌ വിഭാഗങ്ങളും ചേര്‍ന്നാണ്‌ പുതിയ സി.എസ്‌.പി രൂപീകരിച്ചത്‌. ലയനയോഗം ചേര്‍ന്ന്‌ ഭാരവാഹികളെയും തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ പുതിയ പാര്‍ട്ടിയുടെ ആദ്യ മുന്നണിയോഗത്തില്‍ത്തന്നെ പഴയ രീതിയില്‍ നേതാക്കള്‍ പ്രത്യേകം എത്തുകയായിരുന്നു.

കടന്നപ്പള്ളിക്കൊപ്പം ഉഴമലയ്‌ക്കല്‍ വേണുഗോപാലാണ്‌ ആദ്യം എത്തിയത്‌. പിന്നാലെ എ.കെ. ശശീന്ദ്രനെത്തി. യോഗം തുടങ്ങി ഇരുപത്‌ മിനിറ്റിനുശേഷം തോമസ്‌ കെ. തോമസും. നേതാക്കള്‍ വ്യത്യസ്‌ത ഇടങ്ങളിലായാണ്‌ ഇരുന്നതും.

യോഗത്തിന്റെ തുടക്കത്തില്‍ എല്‍.ഡി.എഫ്‌. കണ്‍വീനര്‍ ടി.പി. രാമകൃഷ്‌ണന്‍ പുതിയ പാര്‍ട്ടിയുടെ രൂപീകരണവും ലയനവും വിശദീകരിച്ചു. കടന്നപ്പള്ളിയുടെ അഭ്യര്‍ഥനപ്രകാരമാണ്‌ വിശദീകരണമെന്നും ലയനം നല്ല തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്‌ കടന്നപ്പള്ളി പുതിയ പാര്‍ട്ടിയെ പ്രതിനിധീകരിച്ച്‌ സംസാരിച്ചു. എന്നാല്‍ പിന്നീട്‌ തോമസ്‌ കെ. തോമസും സംസാരിക്കാന്‍ എഴുന്നേറ്റതോടെയാണ്‌ മുന്‍ മുഖ്യമന്ത്രി അതൃപ്‌തി പ്രകടിപ്പിച്ചത്‌.

'കഴിഞ്ഞ യോഗത്തിലേതുപോലെ പ്രത്യേകമായി വന്നെന്നേയുള്ളൂ' എന്നായിരുന്നു തോമസ്‌ കെ. തോമസിന്റെ മറുപടി. ശശീന്ദ്രനും കടന്നപ്പള്ളിയും പ്രതികരിച്ചില്ല. പുതിയ പാര്‍ട്ടിയുടെ പ്രതിനിധികള്‍ ആരൊക്കെയെന്ന്‌ തീരുമാനിച്ച്‌ അടുത്ത എല്‍.ഡി.എഫ്‌. യോഗത്തില്‍ അവര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന്‌ സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നിര്‍ദേശിച്ചു. അതേസമയം, ഔദ്യോഗിക എന്‍.സി.പി. പ്രതിനിധികളായ പി.എം. സുരേഷ്‌ ബാബുവും കെ.ആര്‍. രാജനും യോഗത്തില്‍ പങ്കെടുത്തു. പി.സി. ചാക്കോയുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. ശശീന്ദ്രനും തോമസ്‌ കെ. തോമസും പുതിയ സി.എസ്‌.പിയുടെ ഭാഗമായതോടെ എല്‍.ഡി.എഫില്‍ ഇനി ഒരു എന്‍.സി.പി മാത്രമേയുള്ളൂവെന്ന്‌ കണ്‍വീനര്‍ യോഗത്തെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *