തിരുവനന്തപുരം: പൂവാര്‍ കരിങ്കുളത്ത് 20 കാരനെ പൊട്ടക്കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ദുരൂഹത ആരോപിച്ച് കുടുംബം. സാനോജ് എന്ന യുവാവിനെയാണ് പെണ്‍സുഹൃത്തിന്റെ പറമ്പിലെ പൊട്ടക്കിണറ്റില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം കുടുതല്‍ ഊര്‍ജ്ജിതമാക്കി. കിണറ്റില്‍ നിന്നും കിട്ടിയ മൊബൈല്‍ഫോണ്‍ അടക്കമുള്ള സാധനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കും.
ഒക്ടോബര്‍ 23 ന് കൂട്ടുകാരന്റെ വീട്ടിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ സാനോജിനെ കാണാതാകുകയായിരുന്നു. മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവില്‍ പെണ്‍സുഹൃത്തിന്റെ വീട്ടുപറമ്പിലെ ഉപേക്ഷിക്കപ്പെട്ട കിണറ്റില്‍ നിന്നും മൃതദേഹം കിട്ടുകയായിരുന്നു. സ്ഥലത്തുനിന്ന് ലഭിച്ച സാനോജിന്റെ മൊബൈല്‍ ഫോണും ഭക്ഷണപ്പൊതിയും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാനുള്ള നീക്കത്തിലാണ് പോലീസ്.
ആഴക്കുറവും ജലനിരപ്പ് കുറവുമുള്ള കിണറ്റില്‍ മൃതദേഹം കിടന്ന രീതിയാണ് ബന്ധുക്കളില്‍ സംശയം ജനിപ്പിച്ചിരിക്കുന്നത്. പോലീസിന്റെ അന്വേഷണ രീതിയും യുവാവിന്റെ ബന്ധുക്കള്‍ക്ക് തൃപ്തികരമായിട്ടില്ല. രണ്ട് തവണ തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനാകാതിരുന്ന മൊബൈല്‍ ഫോണ്‍ പിന്നീട് ഇതേ കിണറ്റില്‍ നിന്ന് തന്നെ ലഭിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നാണ് ബന്ധുക്കളുടെ നിലപാട്. സംഭവദിവസം പെണ്‍സുഹൃത്തിന്റെ ആവശ്യപ്രകാരം സാനോജ് ഷവര്‍മ വാങ്ങിയതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
മൃതദേഹത്തിന് അടുത്തുനിന്ന് കണ്ടെത്തിയ ഭക്ഷണപ്പൊതി ഇതാണെന്നാണ് നിഗമനം. രാത്രിയില്‍ പെണ്‍കുട്ടിയും മുത്തച്ഛനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത് എന്നാണ് പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് നല്കിയ മൊഴി. ഇതോടെ ഡിജിറ്റല്‍ സാങ്കേതിക തെളിവുകളും ഫോറന്‍സിക് പരിശോധനാ ഫലവും മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം തെളിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.