കൊച്ചി: നെടുമ്പാശേരി അത്താണിയിൽ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏവിയേഷൻ പഠനത്തോടൊപ്പം തൃക്കാക്കരയിലെ ആന്റിക്ക് സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന ദേവിക, ഗോപിക, ഇജാസ് എന്നിവരാണ് മരിച്ചത്. മൂന്നുപേർക്കും 21 വയസായിരുന്നു.
ജോലി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ച ശേഷം പതിവുപോലെ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവരെ പിന്തുടർന്ന് മറ്റ് രണ്ട് ബൈക്കുകളിലായി സുഹൃത്തുക്കളുമുണ്ടായിരുന്നു. സന്തോഷത്തോടെ മടങ്ങിയ മൂന്ന് സുഹൃത്തുക്കൾ നിമിഷങ്ങൾക്കകം കൺമുന്നിൽ മരിച്ചുകിടക്കുന്ന കാഴ്ചയുടെ ഞെട്ടലിലാണ് മറ്റുള്ളവർ. മൂന്നുപേരുടെയും മൃതദേഹങ്ങൾ അങ്കമാലി താലൂക്ക് ആശുപത്രിയിലാണ്. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കാറിന്റെ അമിതവേഗതയാണ് അപകടകാരണമെന്നാണ് വിവരം. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാറോടിച്ച സുഹൈൽ സജീവിനെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. സുഹൈലിന്റെ ശരീരത്തിൽ അമിതമായ അളവിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായും ഇയാൾ മറ്റ് ലഹരികൾ ഉപയോഗിച്ചിരുന്നോയെന്ന് സംശയിക്കുന്നതായും റിപ്പോർട്ടുണ്ട്.
അപകടത്തിന് മുമ്പ് ഇന്നലെ ഉച്ച മുതൽ സുഹൈൽ മൂന്ന് ബാറുകളിലും ഫൈവ് സ്റ്റാർ ഹോട്ടലുകളിലും കയറി മദ്യപിച്ചതിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. വിമാനത്താവളത്തിലിറങ്ങിയ സുഹൃത്തിനെ കൂട്ടിക്കൊണ്ടുപോകാനായാണ് സുഹൈൽ നെടുമ്പാശേരിയിലെത്തിയത്. അപകടത്തിന് ശേഷം വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ ഇയാൾ നാട്ടുകാരോടും തട്ടിക്കയറി. മൂന്ന് പേരുടെ മരണത്തിന് കാരണമായ അപകടത്തിന് പിന്നാലെ ‘എന്റെ വാപ്പ എല്ലാം നോക്കിക്കോളും’ എന്നാണ് സുഹൈൽ പറഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു. മണിക്കൂറിൽ 220 കിലോമീറ്ററോളം വേഗത്തിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങളും ഇയാൾ നേരത്തേ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ആലപ്പുഴ ആലുശേരി സ്വദേശികളും ബിസിനസുകാരുമായ സജീവ് ജമാലിന്റെയും നൂഹാ സജീവിന്റെയും മകനാണ് 18-കാരനായ സുഹൈൽ സജീവ്. ആലപ്പുഴയിലും കൊച്ചിയിലുമുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ഇഹ ഡിസൈൻസിന്റെ ഉടമകളാണ് ഇവർ. ഇൻസ്റ്റഗ്രാമിലടക്കം ദശലക്ഷം പിന്തുടർച്ചക്കാരുള്ള ഇഹയുടെ പേജിൽ വീഡിയോകൾ ചെയ്യുന്നത് നൂഹയും സുഹൈലും ചേർന്നാണ്. രാജഗിരി കോളേജിൽ ബി.കോം വിദ്യാർഥിയായ സുഹൈലിന്റെ കുടുംബം നിലവിൽ കാക്കനാട്ടെ ഗോൾഡ് ടവർ ഫ്ലാറ്റിലാണ് താമസം.
ചോദ്യംചെയ്യലിൽ സുഹൈൽ അഹങ്കാരത്തോടെയാണ് സംസാരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ ഇന്നുതന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നും ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. സുഹൈലിനെതിരെ മോട്ടോർ വാഹന വകുപ്പും നടപടിയെടുക്കുമെന്നാണ് വിവരം.