ന്യൂനമർദ്ദ പാത്തിയും ചക്രവാതച്ചുഴിയും; കേരളത്തിൽ ഇന്നും നാളെയും മഴ കനക്കും

തിരുവനന്തപുരം: ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനഫലത്താൽ ഇന്നും നാളെയും കേരളത്തിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ലക്ഷദ്വീപിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്ന് മദ്ധ്യകിഴക്കൻ അറബിക്കടലിന് കുറുകെ തീരദേശ കർണാടക വരെ വ്യാപിച്ചുകിടക്കുന്ന കിഴക്കൻ കാറ്റുമായി ബന്ധപ്പെട്ട ന്യൂനമർദ്ദ പാത്തിയാണ് മഴയ്ക്ക് കാരണം.

നവംബർ 29ഓടെ തെക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാദ്ധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂർ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്. കർണാടക തീരത്ത്‌ മത്സ്യബന്ധനത്തിന് പോകാൻ തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതായും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *