മിഷൻ ചക്കക്കൊമ്പൻ ഉപേക്ഷിച്ചു ;മയക്കുവെടിയേറ്റും ആന മയങ്ങിയില്ല, അടുത്ത ദൗത്യം ജനുവരിയിലാകുമെന്ന് വനംവകുപ്പ്

ഇടുക്കി: ചിന്നക്കനാലിൽ ഭീതി പടർത്തിയ കാട്ടാന ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനായുള്ള ദൗത്യം മൂന്നാം ദിവസവും നിർത്തിവെച്ചു. വൈകിട്ട് 4 മണിക്ക് മയക്കുവെടി വച്ചിട്ടും പൂർണമായി മയങ്ങാത്ത ആന, ജലാശയത്തിലേക്ക് ഇറങ്ങിയത് അര മണിക്കൂറോളം ദൗത്യസംഘത്തെ ആശങ്കയിലാക്കി. വയനാട്ടിൽ നിന്നും എത്തിച്ച വിക്രം, ഭാരത് എന്നീ രണ്ട് കുങ്കിയാനകളും 50 അംഗ വനംവകുപ്പ് സംഘവുമാണ് സ്ഥലത്ത് നിലയുറപ്പിച്ചത്. എന്നാൽ ചക്കക്കൊമ്പൻ അനുയോജ്യമായ സ്ഥലത്ത് എത്താതിരുന്നതിനാൽ ദൗത്യം വൈകി. നാളെ പുലർച്ചെ മുതൽ ആനയെ നിരീക്ഷിക്കും. ആന ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയുമെന്നും വനംവകുപ്പ് അറിയിച്ചു. അടുത്ത ദൗത്യം ജനുവരിയിലാകുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.

ഇന്ന് വൈകിട്ട് ആനയെ വീണ്ടും മയക്കുവെടിവച്ചിരുന്നെങ്കിലും റേഡിയോ കോളർ ഘടിപ്പിക്കാനായിരുന്നില്ല. വെടിയേറ്റ ആന ജലാശയത്തിലേക്ക് ഇറങ്ങിയത് അര മണിക്കൂറോളം ദൗത്യസംഘത്തിന് വെല്ലുവിളി ഉയര്‍ത്തി. തുടർന്ന് കരയ്ക്ക് കയറിയ ആന, അക്രമാസക്തനായി ദൗത്യ സംഘത്തിന് നേരെയും തിരിഞ്ഞു. ഉൾക്കാട്ടിലേക്ക് കയറ്റി വെടി വയ്ക്കാനായിരുന്നു ഏറ്റവും ഒടുവിലത്തെ ശ്രമമെങ്കിലും വെളിച്ചക്കുറവ് പ്രതിസന്ധിയായതോടെ ദൗത്യം നിർത്തിവെക്കാൻ വനം വകുപ്പ് തീരുമാനിക്കുകയായിരുന്നു. വയനാട്ടിൽ നിന്നും എത്തിച്ച വിക്രം, ഭാരത് എന്നീ രണ്ട് കുങ്കിയാനകളും 50 അംഗ വനംവകുപ്പ് സംഘവുമാണ് സ്ഥലത്ത് നിലയുറപ്പിച്ചത്. എന്നാൽ ചക്കക്കൊമ്പൻ അനുയോജ്യമായ സ്ഥലത്ത് എത്താതിരുന്നതിനാൽ ദൗത്യം വൈകി.

അതേസമയം, ചക്കക്കൊമ്പനെ മയക്കുവെടി വയ്ക്കുന്ന ദൗത്യം തത്കാലികമായി തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹർജിയിലെ സാങ്കേതിക പിഴവുകൾ തിരുത്തി നൽകാൻ കോടതി നിർദ്ദേശിച്ചു. സംഘടനയുടെ രജിസ്ട്രേഷൻ നമ്പർ സീലിൽ ഇല്ലാത്തതടക്കം ഹർജിയിൽ നിരവധി പിഴവുകളുണ്ടായിരുന്നു. ഇക്കാര്യം പരിഹരിച്ച് ഹർജി ഫയൽ ചെയ്യാൻ നിർദ്ദേശിച്ച കോടതി ഹർജി തിങ്കളാഴ്ച പരിഗണിക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *