പാലക്കാട് ക്വാറിയില്‍ ലോറി മറിഞ്ഞ് കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: കറുകപുത്തൂരില്‍ ക്വാറിയിലെ വെളളക്കെട്ടില്‍ ലോറി മറിഞ്ഞ് കാണാതായ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. 24 മണിക്കൂര്‍ നീണ്ട ഊര്‍ജ്ജിതമായ തിരച്ചിലിനൊടുവില്‍ വെളളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്. പാലക്കാട് തിരുമിറ്റക്കോട് ചഴിയാട്ടിരി സ്വദേശി സി. അബു താഹിര്‍ ( 40 ) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 7.30-ഓടെയാണ് അപകടം നടന്നത്. തിരുമിറ്റക്കോട് പഞ്ചായത്തിലെ കറുകപുത്തൂരിനടുത്ത് അകിലാണത്തെ പോപ്പുലര്‍ എസ്റ്റേറ്റിലുള്ള കരിങ്കല്‍ക്വാറി മണ്ണിട്ടുനികത്തുന്നതിനിടെ ചരക്കുലോറി 40 അടിയോളം താഴ്ചയുള്ള കുളത്തിലേക്ക് മറിയുകയായിരുന്നു.

അപകടത്തെത്തുടര്‍ന്ന് ഇന്നലെ തന്നെ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

ഫയര്‍ഫോഴ്‌സിലെ സ്‌കൂബ ഡൈവര്‍മാര്‍ നടത്തിയ പരിശോധനയില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് വെള്ളത്തിനടിയില്‍ മുങ്ങിപ്പോയ ലോറി കണ്ടെത്താനായത്. തുടര്‍ന്ന് അര്‍ദ്ധരാത്രിയോടെ വലിയ ക്രെയിന്‍ ഉപയോഗിച്ച് വാഹനം കരയ്ക്ക് കയറ്റിയെങ്കിലും ക്യാബിനുള്ളില്‍ താഹിറിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ക്വാറിയിലെ വെള്ളത്തിലിറങ്ങി നടത്തിയ തിരച്ചിലിലാണ് അബൂതാഹിറിന്റെ മൃതദേഹം കണ്ടെത്താനും പുറത്തെടുക്കാനും സാധിച്ചത്. ഈ ക്വാറി കഴിഞ്ഞ മൂന്നുമാസമായി പ്രവര്‍ത്തിക്കുന്നില്ല.

ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തിയ ശേഷം ഉപജീവനത്തിനായി ലോറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു താഹിറെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ ചാലിശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *