തിരുവനന്തപുരം: പ്രമുഖ ചലച്ചിത്രകാരന്മാരെയും കലാകാരന്മാരെയും വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള ഒരു നീക്കത്തെയും പാര്‍ട്ടി പിന്തുണയ്ക്കില്ല എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അതൃപ്തി പ്രകടമാക്കി. മമ്മൂട്ടിയെപ്പോലെയുള്ള ആഗോളതലത്തില്‍ അറിയപ്പെടുന്ന ഒരു മഹാനടനതിരെ നടക്കുന്ന അധിക്ഷേപങ്ങളില്‍ പാര്‍ട്ടിക്ക് യാതൊരുവിധ പങ്കുമില്ലെന്നും എം.വി. ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയമായോ മറ്റ് വിഷയങ്ങളിലോ വ്യത്യസ്ത അഭിപ്രായങ്ങളുള്ള വ്യക്തികളെ പോലും കാണാനും സംവദിക്കാനുമാണ് പാര്‍ട്ടി എപ്പോഴും ആഗ്രഹിക്കുന്നത്. എസ്.എഫ്.ഐ, ഡിവൈഎഫ്.ഐ തുടങ്ങിയ യുവജന സംഘടനകളുടെ നേതാക്കളെ കാണാന്‍ മമ്മൂട്ടി സന്നദ്ധത പ്രകടിപ്പിച്ചാല്‍ അതിനെ സ്വാഗതം ചെയ്യുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങള്‍ എപ്പോഴും ക്രിയാത്മകമായിരിക്കണമെന്നും അത്തരത്തിലുള്ള സമീപനമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം എക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്നും പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കി.
കലാകാരന് എന്ന നിലയില്‍ മലയാള സിനിമയ്ക്ക് മമ്മൂട്ടി നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. അദ്ദേഹത്തിന് ലഭിക്കുന്ന അംഗീകാരങ്ങള്‍ ഓരോ മലയാളിക്കും അഭിമാനകരമാണ്. അതിനാല്‍ തന്നെ സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തികളെ വളഞ്ഞിട്ട് ആക്രമിക്കുന്ന സംസ്കാരത്തിന് ഇടതുപക്ഷം എതിരാണെന്നും വ്യക്തമാക്കി. യോജിപ്പുള്ളവരുമായും അല്ലാത്തവരുമെല്ലാം പരസ്പര ബഹുമാനത്തോടെയുള്ള ആശയവിനിമയമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.