പൊലീസിനെ കണ്ട് കാർ നിർത്താതെ പാഞ്ഞു; പിന്തുടർന്ന് പിടികൂടി, 11.90 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും

കോഴിക്കോട്: പൊലീസിനെ കണ്ട് കാർ നിർത്താതെ ഓടിച്ച യുവാവിനെയും യുവതിയെയും പിന്തുടർന്ന് പിടികൂടി. കാറിൽനിന്ന് 11.90 ഗ്രാം എംഡിഎംഎ കണ്ടെത്തി. പേരാമ്പ്ര പള്ളിച്ചാലിൽ അഫ്നാസ് (27), പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങൽ റിൻഷാ ഫാത്തിമ (23) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ചാത്തമംഗലം എൻഐടിക്ക് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം.

എൻഐടിയിലെ തത്വ 2026 പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പരിശോധന നടത്തുന്നതിനിടെ സംശയകരമായ സാഹചര്യത്തിൽ എത്തിയ കാറിന് പൊലീസ് കൈകാണിച്ചു. എന്നാൽ പൊലീസ് വാഹനപരിശോധന നടത്തുന്നത് കണ്ടതോടെ കാർ നിർത്താതെ അതിവേഗത്തിൽ ഓടിച്ചുപോയി.

തുടർന്ന് പൊലീസ് കാർ പിന്തുടർന്നു. എൻഐടി മെഗാ ഹോസ്റ്റലിന് സമീപത്തെ അപ്പാർട്ട്‌മെന്റിന്റെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. കാറിൽ നടത്തിയ പരിശോധനയിലാണ് 11.90 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.

അഫ്നാസിനെതിരെ പേരാമ്പ്ര, ബാലുശ്ശേരി, താമരശ്ശേരി ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് നിരോധന നിയമപ്രകാരമുള്ള കേസുകളടക്കം 11 കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. റിൻഷാ ഫാത്തിമയ്‌ക്കെതിരെയും മൂന്ന് കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *