പ്ലേഗ് ബാധിച്ച് റഷ്യൻ ഗവേഷക മരിച്ചു; നൂറുകണക്കിനാളുകൾ ക്വാറന്റൈനിൽ, 5 ആശുപത്രികൾ അടച്ചു

മോസ്ക്കോ: റഷ്യയിലെ സൈബീരിയൻ പ്രദേശമായ ഇർകുത്സ്കിൽ പ്ലേഗ് ബാധിച്ച് 28 കാരിയായ ലബോറട്ടറി ടെക്നീഷ്യൻ മരിച്ചതിനെത്തുടർന്ന് അഞ്ച് ആശുപത്രികൾ അടച്ചുപൂട്ടുകയും നൂറുകണക്കിന് ആളുകളെ ക്വറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഷെലെഖോവിലുള്ള ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഈ സംഭവം നടന്നത്. ഡാരിയ ഷിപിലോകോവ എന്ന ടെക്നീഷ്യനാണ് മരിച്ചത്.

പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനിടയിൽ തകർന്ന ടെസ്റ്റ് ട്യൂബിൽ നിന്ന് ജീവനുള്ള ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാണ് അവർക്ക് ന്യുമോണിക് പ്ലേഗ് ബാധിച്ചതെന്നാണ് വിവരം. സെപ്റ്റംബർ 29-നാണ് കടുത്ത ന്യുമോണിയ ലക്ഷണങ്ങളോടെ ഷെലെഖോവിലുള്ള ആശുപത്രിയിൽ അവരെ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന അവർ ഒക്ടോബർ 1-നാണ് മരണമടഞ്ഞത്. അവരുമായി സമ്പർക്കം പുലർത്തിയ ഇരുന്നൂറിലധികം ആളുകളെ ഇപ്പോൾ ക്വറന്റൈനിൽ പാർപ്പിച്ചിരിക്കുകയാണ്. ഇർകുത്സ്കിൽ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനിടയിൽ ജീവനുള്ള ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ തകർന്നുപോയതായി അവൾ മെഡിക്കൽ ജീവനക്കാരോട് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി 24 മണിക്കൂറിനുള്ളിൽ തന്നെ രോഗം കണ്ടെത്തി കൃത്യസമയത്ത് ചികിത്സ നൽകിയാൽ രോഗമുക്തി നേടാനുള്ള സാധ്യത വളരെ കൂടുതലാണ്.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നതും അതീവ സാംക്രമികവുമായ രോഗമാണ് പ്ലേഗ്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഇതിൽ ഏറ്റവും അപകടകരമായ രൂപമാണ് ശ്വാസകോശത്തെ ബാധിക്കുന്ന ന്യുമോണിക് പ്ലേഗ്. അണുബാധയേറ്റ് 24 മണിക്കൂറിനുള്ളിൽ തന്നെ ഇതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. തുടക്കത്തിൽ തന്നെ രോഗം കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ഇത് മരണകാരണമായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *