മലപ്പുറം: യു.എ.ഇയിലെ ഫുജൈറയില്‍ നിര്‍ത്തിയിട്ട ട്രക്കിനു പിറകില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വേങ്ങര അബ്‌ദുറഹിമാന്‍ നഗര്‍ കുന്നുംപുറം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. കുന്നുംപുറം കുണ്ടില്‍പാറ സിദ്ദിഖിന്റെ മക്കളായ മുഹമ്മദ് അസ്‌മില്‍ (21), ഇരട്ട സഹോദരി മിസ്‌ന ജുബിന്‍ (21), സിദ്ദിഖിന്റെ പേരമകന്‍ മുഹമ്മദ് ഫായിസ് (മൂന്ന്) എന്നിവരാണ് മരണപ്പെട്ടത്.
ഫുജൈറയില്‍ ബിരുദ വിദ്യാര്‍ഥികളാണ് മരിച്ച മുഹമ്മദ് അസ്‌മിലും മിസ്‌ന ജുബിനും. ഇവര്‍ കുടുംബസമേതം സഞ്ചരിച്ചിരുന്ന കാര്‍ റോഡില്‍ നിര്‍ത്തിയിട്ട ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. നിയമം തെറ്റിച്ച് ട്രക്ക് നിര്‍ത്തിയിട്ടതാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക വിവരം. അപകടത്തില്‍ മറ്റു നിരവധി വാഹനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. അപകടത്തില്‍ അസ്‌മിലിന്റെയും മിസ്‌നയുടെയും മാതാവ് ആരിഫയ്‌ക്കു പരുക്കേറ്റു.
ഇവരുടെ പരുക്ക് ഗുരുതരമല്ല. മരിച്ച മൂന്നു വയസുകാരന്‍ ഫായിസ് സിദ്ദിഖിന്റെ മകള്‍ ഫര്‍സാനയുടെ മകനാണ്. അജ്‌മല്‍ മറ്റൊരു സഹോദരനാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ ഫുജൈറയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.