‘ഫോണിന്റെ പാസ്‌കോഡ് നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാദ്ധ്യസ്ഥൻ’; ഹൈക്കോടതിയിൽ സർക്കാർ

കൊച്ചി: ബലാത്സംഗക്കേസിൽ അന്വേഷണസംഘം പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ പാസ്‌കോഡ് കൈമാറാൻ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ബാദ്ധ്യസ്ഥനാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. തിരുവല്ല ബലാത്സംഗക്കേസിൽ രാഹുലിന്റെ രണ്ട് ഫോണുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ ഫോണുകൾ അൺലോക്ക് ചെയ്യുന്നതിന് പാസ്‌കോഡ് നൽകണമെന്ന കീഴ്‌ക്കോടതി ഉത്തരവിനെതിരെ രാഹുൽ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്.

അന്വേഷണ സംഘത്തിന് ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി പാസ്‌കോഡ് നൽകാൻ രാഹുലിന് ബാദ്ധ്യതയുണ്ട്. അതിന് ഭരണഘടനാപരമായ പരിരക്ഷയില്ലെന്ന് ഡയറക്‌ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അതേസമയം, പാസ്‌‌കോ‌ഡ് നൽകാൻ നിർബന്ധിക്കുമ്പോൾ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുമോയെന്ന് പരിശോധിക്കുന്നതിനായി കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. എന്നാൽ ഫോണിൽ തനിക്ക് അനുകൂലമായ തെളിവുകളുണ്ടെന്നും ഇത് നശിപ്പിക്കപ്പെടുമെന്നുമാണ് രാഹുലിന്റെ വാദം.

വിദേശത്ത് താമസിക്കുന്ന 31കാരിയായ മലയാളി യുവതിയാണ് രാഹുലിനെതിരെ മൂന്നാമത്തെ ബലാത്സംഗ പരാതി നൽകിയത്. തുടർന്ന് ജനുവരിയിൽ രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ പത്തനംതിട്ട ജില്ലാ കോടതി രാഹുലിനെ റിമാൻഡ് ചെയ്തു. കേസിൽ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ മേയിൽ തിരുവല്ല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗം, ശാരീരിക-മാനസിക പീഡനം, ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കുറ്റപത്രത്തിലുള്ളത്. എന്നാൽ എല്ലാ കുറ്റങ്ങളും രാഹുൽ നിഷേധിച്ചു. ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നാണ് രാഹുലിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *