ഡല്‍ഹി: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. അടവ് നയത്തിന്റെ ഭാഗമായി പോലും ഭീകരവാദത്തെ അനുകൂലിക്കുന്ന രാജ്യങ്ങളുമായി സഖ്യമുണ്ടാക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരവാദത്തെ നയതന്ത്ര ആയുധമായി ഉപയോഗിക്കുന്നവർക്ക് അത് തിരിച്ചടിയാകുമെന്നാണ് ചരിത്രം തെളിയിക്കുന്നതെന്നും ജയശങ്കർ ഓർമിപ്പിച്ചു.
പാകിസ്ഥാനുമായി വിവിധ രാജ്യങ്ങൾ സൈനിക സഖ്യങ്ങൾ രൂപീകരിക്കുന്നതിനിടെയാണ് ജയശങ്കറിന്റെ പ്രസ്താവന. അറ്റ്ലാന്റയിൽ നടന്ന ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു പരാമർശം. സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന് അടിയന്തര ശ്രദ്ധ നൽകണമെന്നും സൈനിക നടപടികളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡ് കൂട്ടായ്മയുടെ വിദേശകാര്യമന്ത്രിമാരുടെ യോഗവും ഇന്ന് അറ്റ്ലാന്റയിൽ നടക്കും.