മധുര: തമിഴ്നാട്ടിലെ മധുരയിൽ പുതുതായി തുറന്ന തനിഷ്ക് ജ്വല്ലറിയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങൾ കവർന്ന കേസിൽ മുഖ്യപ്രതിയായ യൂട്യൂബർ നിഷാന്ത് അറസ്റ്റിൽ. സേലത്തേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. പോലീസ് പിന്തുടരുന്നത് മനസിലാക്കിയ നിഷാന്ത് ബസിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തുകയായിരുന്നു. അധിയമാൻകോട്ട പോലീസാണ് പ്രതിയെ പിടികൂടിയത്.
കേസുമായി ബന്ധപ്പെട്ട് നിഷാന്തിന്റെ പെൺസുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മീനാക്ഷിയെയും പിതാവ് സുരേഷിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മധുര ബൈപ്പാസ് റോഡിലെ പഴങ്ങാനത്തുള്ള തനിഷ്ക് ഷോറൂമിൽ നവംബർ 12ന് പുലർച്ചെയായിരുന്നു വൻ കവർച്ച നടന്നത്. മോഷണത്തിന് മുന്നോടിയായി ഉപഭോക്താവെന്ന വ്യാജേന മൂന്ന് തവണ ഷോറൂമിലെത്തിയ നിഷാന്ത് സുരക്ഷാ സംവിധാനങ്ങൾ നിരീക്ഷിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് കണ്ടെത്തി.
പുതിയ ഷോറൂമായതിനാൽ പൂർണമായ ലോക്കർ സംവിധാനം ഒരുക്കിയിരുന്നില്ലെന്നും രാത്രിയിൽ അലാറം പ്രവർത്തിപ്പിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. ഇതെല്ലാം മുതലെടുത്തായിരുന്നു കവർച്ച. കെട്ടിടത്തിന്റെ പിൻഭാഗത്തെ സ്കഫോൾഡിങ് വഴി ടെറസിലെത്തിയ നിഷാന്ത് ലിഫ്റ്റ് ഷാഫ്റ്റിലൂടെയാണ് ഷോറൂമിനുള്ളിൽ കടന്നത്. തുടർന്ന് വിലപിടിപ്പുള്ള ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.
മോഷ്ടിച്ച സ്വർണവും വജ്രാഭരണങ്ങളും ചാക്കുകളിലാക്കി മാടക്കുളം കുളത്തിന് സമീപത്തെ കൃഷിയിടത്തിൽ കുഴിച്ചിടുകയായിരുന്നു. ബാക്കിയുള്ള ആഭരണങ്ങളുമായാണ് നിഷാന്ത് ഒളിവിൽ പോയത്. കവർച്ചയ്ക്കിടെ ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞ് തെളിവ് നശിപ്പിക്കാൻ പിതാവ് സുരേഷ് സഹായിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിഷാന്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കവർച്ചാസമയത്ത് ഉപയോഗിച്ച ഷൂസും കൈയുറകളും കണ്ടെടുത്തിരുന്നു.
ഓട്ടോറിക്ഷാ യാത്രയുടെ വിവരങ്ങൾ, മൊബൈൽ ഫോൺ സിഗ്നലുകൾ, പ്രദേശത്തെ കാലിവളർത്തുകാരൻ നൽകിയ നിർണായക വിവരം എന്നിവയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തുടർന്ന് മാടക്കുളത്തെ കൃഷിയിടത്തിൽ നടത്തിയ പരിശോധനയിൽ കുഴിച്ചിട്ട നിലയിൽ ആറ് കിലോ സ്വർണവും വജ്രാഭരണങ്ങളും പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ മീനാക്ഷിയെയും സുരേഷിനെയും കോടതിയിൽ ഹാജരാക്കി നവംബർ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.
മീനാക്ഷിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് നിഷാന്ത് കവർച്ച ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇരുവരും മധുരയിലെ കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ്. പിന്നീട് നിഷാന്ത് പഠനം ഉപേക്ഷിച്ചെങ്കിലും സൗഹൃദം തുടർന്നു. വീട് നിർമാണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി മീനാക്ഷിക്ക് വലിയൊരു തുക ആവശ്യമായി വന്നതോടെയാണ് ജ്വല്ലറി കൊള്ളയടിക്കാൻ നിഷാന്ത് പദ്ധതിയിട്ടതെന്നാണ് പോലീസിന്റെ നിഗമനം.
കവർച്ച നടന്ന നവംബർ 12-ന് സ്വർണം നിറച്ച ബാഗ് നിഷാന്ത് പിതാവ് സുരേഷിനെ ഏൽപ്പിച്ച ശേഷം മീനാക്ഷിയുടെ സ്കൂട്ടറിലാണ് രക്ഷപ്പെട്ടത്. സുരേഷ് ആഭരണങ്ങൾ ആദ്യം പഴങ്ങാനത്തെ വീട്ടിൽ സൂക്ഷിക്കുകയും പിറ്റേന്ന് നിഷാന്ത് അവിടെനിന്ന് കൊണ്ടുപോകുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പ്രതികളിൽനിന്ന് ലഭിച്ച വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും പോലീസ് കമ്മിഷണർ എസ്. രാജേന്ദ്രൻ അറിയിച്ചു.