കെഎംഎസ്‌സിഎൽ തലപ്പത്തേക്ക് ഡി. ബാലമുരളിയില്ല; നിയമനത്തിൽ വീണ്ടും ട്വിസ്റ്റ്, പിന്മാറ്റവുമായി സർക്കാർ

തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎംഎസ്‌സിഎൽ) മാനേജിങ് ഡയറക്ടറായി ഡി. ബാലമുരളിയെ നിയമിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി സർക്കാർ. നിയമനം വിവാദമായതോടെയാണ് ബാലമുരളിയെ തൽസ്ഥാനത്തേക്ക് നിയമിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചത്. കോവിഡ് കാലത്തെ മരുന്ന് വാങ്ങലുമായി ബന്ധപ്പെട്ട് വിജിലൻസ്, ലോകായുക്ത അന്വേഷണങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, ചുമതല ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് ഡി. ബാലമുരളിയും സർക്കാരിനെ അറിയിച്ചിരുന്നു.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം കെഎംഎസ്‌സിഎൽ തലപ്പത്തേക്ക് നാല് ഐഎഎസ് ഉദ്യോഗസ്ഥരെ വിവിധ ഘട്ടങ്ങളിലായി നിയമിച്ചെങ്കിലും പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ആരും ചുമതലയേറ്റിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസത്തെ ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമായി ഡി. ബാലമുരളിയെ കെഎംഎസ്‌സിഎൽ എംഡിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്.

എന്നാൽ നിയമനത്തിൽ ആരോഗ്യവകുപ്പിന് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ പത്തുവർഷത്തെ ആരോഗ്യവകുപ്പിലെ മരുന്ന് പർച്ചേസുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായിരിക്കെ കെഎംഎസ്‌സിഎൽ എംഡിയായി പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ഡി. ബാലമുരളി.

കെഎംഎസ്‌സിഎല്ലിലെ മരുന്ന് പർച്ചേസുമായി ബന്ധപ്പെട്ട് ലോകായുക്തയിലും കേസ് നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ ബാലമുരളിയെ തലപ്പത്ത് നിയമിക്കുന്നത് നിലവിലുള്ള അന്വേഷണങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം.

ചുമതലയേൽക്കാൻ ബാലമുരളി തന്നെ താൽപര്യമില്ലെന്ന് അറിയിച്ചതും നിയമനത്തിൽനിന്നുള്ള പിന്മാറ്റത്തിന് കാരണമായി. കെഎംഎസ്‌സിഎല്ലിന് പുതിയ മാനേജിങ് ഡയറക്ടറെ ഉടൻ നിയമിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *