മമ്മൂട്ടിക്കും ഡിവൈഎഫ്ഐ നേതാക്കള്‍ക്കും എതിരേ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ അപലപിച്ചു സിപിഐഎം നേതാവ് പി. ജയരാജന്. മമ്മൂട്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആളല്ലെന്നും നാടിന്റെയാകെ പൊതുസ്വത്താണെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പി. ജയരാജന് വ്യക്തമാക്കുന്നു.
ഇടതുപക്ഷത്തിന്റെ ലേബലില്‍ നിന്നുകൊണ്ട് ഇത്തരം വ്യക്തിഹത്യകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ലെന്നും രാഷ്ട്രീയ ശത്രുക്കള്‍ക്ക് അവസരമൊരുക്കാനും തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാനും ചിലര്‍ നടത്തുന്ന അജണ്ടയാണെന്നും പറയുന്നു. അദ്ദേഹത്തെ കാണുന്നതും സൗഹൃദം പങ്കുവെക്കുന്നതും ഏതെങ്കിലും രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തില്‍ അളക്കേണ്ട ഒന്നല്ലെന്നും പറഞ്ഞിട്ടുണ്ട്.
പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മലയാളത്തിന്റെ അഭിമാനമായ മഹാനടന് മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദര്‍ശിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളെയും ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ അത്യന്തം അപലപനീയമാണ്.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുന്‍പുണ്ടായ ഒരു വിഷയം അന്നുതന്നെ പരസ്പരം സംസാരിച്ച് പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ട ഒന്നാണ്. സിപിഐ(എം) വയനാട് ജില്ലാ സെക്രട്ടറി സഖാവ് റഫീഖും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും പൊതുസമൂഹത്തിന് മുന്നിലുള്ളതുമാണ്. തീര്‍ന്നുപോയ ഒരു തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി, ആ മഹാനടനെ നിരന്തരം വേട്ടയാടാനും അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങളോടെയാണ്.
മമ്മൂട്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചട്ടക്കൂടില്‍ ഒതുങ്ങിനില്ക്കുന്ന വ്യക്തിയല്ല; ഈ നാടിന്റെയാകെ പൊതുസ്വത്താണ്. അദ്ദേഹത്തെ കാണുന്നതും സൗഹൃദം പങ്കുവെക്കുന്നതും ഏതെങ്കിലും രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തില്‍ അളക്കേണ്ട ഒന്നല്ല. പുരോഗമന വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കള്‍, അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് സന്ദര്ശിച്ചതിനെപ്പോലും വിവാദമാക്കുന്നത് സങ്കുചിത രാഷ്ട്രീയ ബോധമാണ്. ദേശീയ തലത്തില്‍ ജനാധിപത്യത്തിനുവേണ്ടിയും കാവിവത്കരണത്തിനെതിരെയും പൊരുതി അംഗീകാരം നേടിയ ഡി. വൈ. എഫ്. ഐ – എസ്.എഫ്.ഐ നേതാക്കളെ കാണാന്‍ ആഗ്രഹിച്ചതുതന്നെ ഈ സംഘടനകള്‍ക്കുള്ള വലിയ അംഗീകാരമാണ്.
ഇടതുപക്ഷത്തിന്റെ ലേബലില്‍ നിന്നുകൊണ്ട് ഇത്തരം വ്യക്തിഹത്യകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല. രാഷ്ട്രീയ ശത്രുക്കള്‍ക്ക് അവസരമൊരുക്കാനും തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാനും ചിലര്‍ നടത്തുന്ന അജണ്ട തിരിച്ചറിയപ്പെടേണ്ടതുണ്ട്.
കലയെയും കലാകാരന്മാരെയും ചേര്‍ത്തുപിടിക്കുന്നതാണ് കമ്യൂണിസ്റ്റ് സംസ്കാരം. തെറ്റായ പ്രചാരണങ്ങളില്‍ പെട്ടുപോയിട്ടുള്ളവര് അതില്‍നിന്ന് പിന്തിരിയണം. മലയാളത്തിന്റെ മഹാനടനെതിരെയുള്ള അനാവശ്യമായ സൈബര്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം.