മലപ്പുറത്തും ഷിഗെല്ല; നാല് വയസുകാരി ഉൾപ്പെടെ രണ്ടുപേർക്ക് രോഗബാധ, 23പേർക്ക് രോഗലക്ഷണം

മലപ്പുറം: സംസ്ഥാനത്ത് കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും ഷിഗെല്ല സ്ഥിരീകരിച്ചു. നിലമ്പൂരിൽ മൂന്നുപേർക്കാണ് രോഗം ബാധിച്ചത്. അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസുകാരിക്കും പാലുണ്ടയിലെ കടയിൽ നിന്ന് മന്തി കഴിച്ച രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വയറിളക്കം, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങളോടെ 23പേർ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ രോഗം ബാധിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാകൂ.

നേരത്തേ കോഴിക്കോട് മേപ്പയിൽ സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സ്‌കൂളിലെ കിണർ വെള്ളത്തിൽ നിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്. രോഗലക്ഷണങ്ങളുള്ള നിരവധി കുട്ടികൾ ചികിത്സയിലാണ്. സ്‌കൂളിന് താൽക്കാലികമായി അവധി നൽകിയിരിക്കുകയാണ്.

ബാക്‌ടീരിയ മൂലം കുടലിലുണ്ടാകുന്ന രോഗമാണ് ഷിഗല്ലോസിസ്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകുകയും മരണം സംഭവിക്കുകയും ചെയ്‌തേക്കാം. മലിനജലത്തിലൂടെയും വൃത്തിയില്ലാത്തതും കേടായതുമായ ഭക്ഷണത്തിലൂടെയും രോഗം പകരാം.

Leave a Reply

Your email address will not be published. Required fields are marked *