വാഷിംഗ്ടൺ: വൈറ്റ് ഹൗസിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് മൂന്ന് തോക്കുകളും ഡസൻ കണക്കിന് വെടിയുണ്ടകളും കണ്ടെടുത്തതിനെ തുടർന്ന് യു എസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഒരാളെ അറസ്റ്റ് ചെയ്തു. വാഷിംഗ്ടണിലെത്തി റിപ്പബ്ലിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപിനെ കൊല്ലാൻ തന്റെ മനസ്സിൽ നിന്നുള്ള ശബ്ദങ്ങൾ ആവശ്യപ്പെടുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി നൽകുന്ന വിവരമനുസരിച്ച്, റോണി യോർഡ്രിക്സ് ഗ്വാനിപ്പ ക്രിനോസ് എന്നയാൾ പാർക്ക് ചെയ്തിരുന്ന കാറിലിരുന്ന് "സംശയാസ്പദമായ രീതിയിൽ പെരുമാറുന്നത്" ശ്രദ്ധയിൽപ്പെട്ട സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാത്രി ഇയാളെ സമീപിക്കുകയും തുടര്ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനം മോഷണം പോയതാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. വാഹനത്തിൽ നിന്ന് മൂന്ന് വ്യത്യസ്ത തോക്കുകളും ഡസൻ കണക്കിന് വെടിയുണ്ടകളും കണ്ടെടുത്തതായി ഹോംലാൻഡ് സെക്യൂരിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.
ക്രിനോസ് നിലവിൽ യുഎസ് മാർഷൽസ് സർവീസിന്റെ കസ്റ്റഡിയിലാണ്. ഇയാൾ യുഎസിൽ അനധികൃതമായി തങ്ങുന്ന വെനസ്വേലൻ കുടിയേറ്റക്കാരനാണെന്ന് കണ്ടെത്തി. 2024 മാർച്ചിൽ ടെക്സാസ് വഴിയാണ് ഇയാൾ രാജ്യത്തേക്ക് പ്രവേശിച്ചതെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു. കഴിഞ്ഞ വർഷം ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയ ശേഷം, അദ്ദേഹത്തെയോ കുടുംബാംഗങ്ങളെയോ ഭീഷണിപ്പെടുത്തിയ നിരവധി പേരെ സീക്രട്ട് സർവീസും മറ്റ് ക്രമസമാധാന ഏജൻസികളും അറസ്റ്റ് ചെയ്തിരുന്നു. ആ സംഭവങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഇത്.