മുൻ ഡെപ്യൂട്ടി കമ്മീഷണർ അനുപമ സർവീസിൽ നിന്ന് രാജി പ്രഖ്യാപിച്ചു, രാഷ്ട്രീയത്തിലേക്കെന്ന് സൂചന

ലക്‌നൗ: ഉത്തർപ്രദേശിലെ മുൻ ജിഎസ്‌ടി ഡെപ്യൂട്ടി കമ്മീഷണറും പ്രൊവിൻഷ്യൽ സിവിൽ സർവീസ് ഉദ്യോഗസ്ഥയുമായ (പിസിഎസ്) അനുപമ സരോജ് സിംഗ് സർവീസിൽ നിന്ന് രാജി വയ്ക്കുന്നതായി പ്രഖ്യാപനം. പൊതുജീവിതത്തിൽ മറ്റൊരു ചുമതലയേറ്റെടുക്കുന്നതിനാലാണ് രാജിയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അനുപമ രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുകയാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

മുൻ എംപി സുശീല സരോജിന്റെ മകളാണ് അനുപമ. സമാജ്‌വാദി പാർട്ടി വക്താവ് അനുരാഗ് ഭതൗരിയയാണ് ഭർത്താവ്. സിനിമ, സംഗീതം എന്നീ മേഖലകളിലും സജീവ സാന്നിദ്ധ്യമാണ്. അനുപമ രാഗ് എന്ന പേരിലാണ് കൂടുതലും അറിയപ്പെടുന്നത്.

സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് അനുപമ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പുതിയ യാത്രയുടെ തുടക്കമെന്നാണ് തന്റെ തീരുമാനത്തെ അവർ വിശേഷിപ്പിച്ചത്. തീരുമാനം എളുപ്പമായിരുന്നില്ല. സർവീസിലിരിക്കെ ആളുകളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കും അത് പരിഹരിക്കുന്നതിനായി പ്രവർത്തിക്കാനും സാധിച്ചു. എന്നാൽ പദവിയിലിരിക്കെ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് പരിമിതിയുണ്ടെന്ന് തിരിച്ചറിഞ്ഞു. മാറ്റത്തിനായി പ്രതീക്ഷിക്കാനല്ല, മാറ്റത്തിന്റെ ഭാഗമാകാനുള്ള സമയമായിരിക്കുന്നുവെന്നും അനുപമ വ്യക്തമാക്കി.

ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പത്ത് വർഷമായി ചിന്തിക്കുകയായിരുന്നുവെന്ന് ഒരു മാദ്ധ്യമത്തോടും അനുപമ വെളിപ്പെടുത്തി. ഇപ്പോൾ സാഹചര്യങ്ങൾ ഒത്തുവന്നപ്പോൾ ജോലിയിൽ നിന്ന് വിരമിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *