മാധ്യമങ്ങളെ മുഖ്യമന്ത്രി ബുധനാഴ്ച കാണും; ആവശ്യമെങ്കിൽ മുൻകൂട്ടി അറിയിക്കും

തിരുവനന്തപുരം ∙ മാധ്യമങ്ങളോടു മുഖ്യമന്ത്രി പ്രതികരിക്കുന്നുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ്. മുഖ്യമന്ത്രി വി.ഡി.സതീശൻ എത്തുന്നിടത്തെല്ലാം വാർത്താചാനലുകൾ പ്രതികരണത്തിനായി സമീപിക്കുന്ന സാഹചര്യത്തിലാണിത്. എല്ലാ ബുധനാഴ്ചയും മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ഇതിനുപുറമേ, അടിയന്തരഘട്ടങ്ങളിൽ മുൻകൂട്ടി അറിയിച്ചും പ്രതികരണങ്ങൾ നൽകും. മുഖ്യമന്ത്രി പോകുന്നിടത്തെല്ലാം ചാനൽ പ്രവർത്തകർ എത്തുകയും അദ്ദേഹം പ്രതികരിക്കാത്തത് വാർത്തയാക്കുകയും ചെയ്യുന്ന രീതി ഏതാനും ദിവസങ്ങളായി വർധിച്ചെന്നാണ് ഓഫിസിന്റെ വിലയിരുത്തൽ.

സിഎംആർഎൽ മേധാവി എസ്.എൻ.ശശിധരൻ കർത്തായിൽനിന്നു വി.ഡി.സതീശൻ പണം വാങ്ങിയെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് കഴിഞ്ഞയാഴ്ച ആരോപിച്ചതിനു പിന്നാലെ മാധ്യമപ്രവർത്തകർ പ്രതികരണത്തിനായി സതീശനെ സമീപിച്ചിരുന്നു. ഷോൺ ആരോപണമുന്നയിക്കുമ്പോൾ കൊച്ചിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങിനുശേഷം പ്രതികരണത്തിനായി മാധ്യമപ്രവർത്തകർ തിക്കിത്തിരക്കിയത് ശ്രദ്ധയിൽപെട്ടതോടെയാണു മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കണമെന്ന് ഇന്റലിജൻസ് വിഭാഗം വിലയിരുത്തിയത്.

തൊട്ടടുത്ത ദിവസം ഇടുക്കി കലക്ടറേറ്റിൽ യോഗത്തിനുശേഷം പുറത്തിറങ്ങിയപ്പോഴും മുഖ്യമന്ത്രിയെ മാധ്യമപ്രവർത്തകർ വളഞ്ഞുവെന്ന റിപ്പോർട്ടാണ് സ്പെഷൽ ബ്രാഞ്ച് നൽകിയത്. ഈ സാഹചര്യത്തിലാണ്, മാധ്യമപ്രവർത്തകരടക്കം ജനം അനിയന്ത്രിതമായി മുഖ്യമന്ത്രിക്കരികിലേക്ക് എത്തുന്നുവെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാർക്ക് ഇന്റലിജൻസ് എഡിജിപി നിർദേശം നൽകിയത്. പ്രതിപക്ഷകക്ഷികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അടുത്തേക്ക് ആളുകൾ എത്തുന്നതിൽ തൽക്കാലത്തേക്കെങ്കിലും നിയന്ത്രണം വേണമെന്നാണു പൊലീസിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ശക്തമാക്കണമെന്ന് ഇന്റലിജൻസ് വിഭാഗം ഈയിടെ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *