താല്ഹിസെ: ജനത്തിരക്കേറിയ ഇടത്തേക്ക് ചെറുവിമാനം തകര്‍ന്ന് വീണ് ഒമ്പത് പേര് മരണമടഞ്ഞു. ഞായറാഴ്ച ദക്ഷിണ ഫ്ലോറിഡയിലെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലേക്ക് ബിസിനസ് ജെറ്റ് കൂപ്പുകുത്തി വീഴുകയും അതിലുണ്ടായിരുന്ന ആളുകള്‍ മുഴുവനും മരണമടയുകയും ആയിരുന്നു. തിരക്കേറിയ പാതയ്ക്ക് സമീപമുള്ള വീടുകള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടും വിധം വലിയൊരു അഗ്നിഗോളമായി മാറുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി രാജ്യത്തിന്റെ ഗതാഗത സെക്രട്ടറി അറിയിച്ചു.
ബഹാമാസിലേക്ക് പോകുകയായിരുന്ന വിമാനം ആകാശത്തുനിന്ന് താഴേക്ക് പതിക്കുന്ന ഭയപ്പെടുത്തുന്ന നിമിഷങ്ങള്‍ കാറിലുണ്ടായിരുന്ന ആളുകള്‍ തങ്ങളുടെ ക്യാമറയില്‍ പകര്‍ത്തി. റോഡിന് സമീപം ഇടിച്ചിറങ്ങി പൊട്ടിത്തെറിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തീജ്വാലകള്‍ ആളിപ്പടര്‍ന്നു. വീടുകളില്‍ നിന്നും റോഡിലൂടെ കടന്നുപോയ വാഹനങ്ങളില്‍ നിന്നും ഏതാനും അടി അകലെ മാത്രമാണ് വിമാനം വീണത് എന്നറിഞ്ഞ നാട്ടുകാര്‍ കടുത്ത നടുക്കത്തിലാണ്. അപകടസ്ഥലത്ത് കറുത്ത പുക ഉയര്‍ന്നു പൊങ്ങി.
പാം ബീച്ച് കൗണ്ടിയില്‍ ഉച്ചയ്ക്ക് 12:50-നാണ് ലിയര്‍ജെറ്റ് 60 തകര്‍ന്നുവീണതെന്നും അതൊരു വലിയ ദുരന്തമാണെന്നും ഗതാഗത സെക്രട്ടറി സീന്‍ ഡഫി എക്സില്‍ കുറിച്ചു. കരയില്‍ ആര്‍ക്കും പരിക്കേറ്റതായിയോ കൊല്ലപ്പെട്ടതായോ റിപ്പോര്‍ട്ട് ഇല്ല. ഞായറാഴ്ച ഇവിടെ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് പ്രളയ മുന്നറിയിപ്പ് നല്‍കിയിരുന്നതായി നാഷണല്‍ വെതര്‍ സര്‍വീസ് അറിയിച്ചു.
ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച്, ടെക്സസിലെ ഓസ്റ്റിന്‍-ബെര്‍ഗ്സ്ട്രോം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം ബഹാമാസിലേക്ക് പോകുകയായിരുന്നു. 35,000 അടി ഉയരത്തില്‍ കിഴക്കോട്ട് സഞ്ചരിക്കുകയായിരുന്ന വിമാനത്തില്‍ കനത്ത കാറ്റും ഐസും അനുഭവപ്പെടുന്നതായി പൈലറ്റുമാര്‍ റിപ്പോര്‍ട്ട് ചെയ്യുകയും 2,000 അടി കൂടി ഉയരത്തിലേക്ക് പറക്കാന്‍ അനുമതി തേടുകയും ചെയ്തിരുന്നു. അതേസമയം വിമാനത്തിന് എന്ത് സംഭവിച്ചുവെന്നോ ആരെല്ലാം ഉണ്ടായിരുന്നെന്നോ ഒന്നും അറിവായില്ല.
വ്യോമഗതാഗത നിയന്ത്രണ രേഖകളും ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റയും അനുസരിച്ച്, നിമിഷങ്ങള്‍ക്കകം വിമാനം കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. ആദ്യമിനിറ്റില്‍ 10,000 അടി വേഗതയിലും, പിന്നീട് 20,000 അടി, 30,000 അടി വരെ വേഗതയിലും വിമാനം താഴേക്ക് കൂപ്പുകുത്തി. ഇത് വിമാനത്തിന്റെ പരിധിയ്ക്കപ്പുറമുള്ള വേഗതയായിരുന്നു. വിമാനം പെട്ടെന്ന് വലത്തേക്ക് തിരിഞ്ഞ് നിലത്തേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.
ഒരു പൈലറ്റ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും സഹായത്തിനായി സന്ദേശം അയക്കുകയും ചെയ്തു. അപകടത്തിന് മിനിറ്റുകള്‍ക്ക് മുമ്പ്, വിമാനത്തില്‍ ഐസ് അടിഞ്ഞുകൂടുന്നുണ്ടെന്നും 700 അടി (213 മീറ്റര്‍) വരെ ഉയരത്തില്‍ വിമാനത്തെ പിടിച്ചുകുലുക്കുന്ന രീതിയില്‍ കനത്ത കാറ്റുണ്ടെന്നും ലൈവ് എടിസി ഡോട്ട് നെറ്റ് പകര്‍ത്തിയ എയര്‍ ട്രാഫിക് കണ്ട്രോള് റെക്കോര്‍ഡിംഗുകളില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ കാര്യങ്ങള്‍ പെട്ടെന്ന് വഷളായി. അന്തരീക്ഷാവസ്ഥ മോശമായതിനെത്തുടര്‍ന്ന് ഉയരത്തിലേക്ക് പറക്കാന്‍ അനുമതി തേടിയെങ്കിലും, വിമാനത്തിന്റെ ഉയരം അതിവേഗം കുറയാന്‍ തുടങ്ങിയതോടെ പൈലറ്റ് ഉടന്‍ വിവരം അറിയിച്ചു. 'ഞങ്ങള്‍ താഴേക്ക് പതിക്കുകയാണ് – മേഡേ, മേഡേ – ഞങ്ങള്‍ മിനിറ്റില്‍ 10,000 അടി വേഗതയില്‍ താഴേക്ക് വീഴുകയാണ്.' പൈലറ്റ് സന്ദേശം അയച്ചു.
'മിനിറ്റില്‍ 20,000 അടി വേഗതയില്‍ ഞങ്ങള്‍ അപകടകരമായ വേഗതയില്‍ താഴേക്ക് പതിക്കുകയാണ്,' തുടര്‍ന്ന് സംഭവിക്കാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ച് പൈലറ്റ് വിറങ്ങലിച്ചുകൊണ്ട് പറഞ്ഞു, 'ഞങ്ങള്‍ നിലത്തേക്ക് ഇടിച്ചിറങ്ങാന്‍ പോവുകയാണ്.' വിമാനം ഒരു സ്വകാര്യ വിമാനമാണെന്ന് ഓസ്റ്റിന്‍-ബെര്‍ഗ്സ്ട്രോം അന്താരാഷ്ട്ര വിമാനത്താവള വക്താവ് ജിം റെയ്നോള്‍ഡ്സ് പറഞ്ഞു. വിമാനത്തിലുണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ ലഭ്യമായില്ല.
അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി പാം ബീച്ച് കൗണ്ടി അധികാരികള്‍ സമീപത്തെ മൊബൈല്‍ ഹോം കമ്മ്യൂണിറ്റിയില്‍ നിന്ന് ഏകദേശം 600 ആളുകളെ ഒഴിപ്പിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ റോഡ് അടച്ചിരിക്കുമെന്ന് കൗണ്ടി അധികൃതര്‍ അറിയിച്ചു. പാം ബീച്ച് കൗണ്ടി ഷെരീഫിന്റെ ഓഫീസിന്റെ കണക്കനുസരിച്ച് ഫ്ലോറിഡയിലെ ഗ്രീന്റേക്കേഴ്സിലാണ് അപകടം നടന്നത്. വെസ്റ്റ് പാം ബീച്ചിന് ഏകദേശം 7 മൈല്‍ (11 കിലോമീറ്റര്‍) തെക്കുപടിഞ്ഞാറായാണ് 45,000 ജനസംഖ്യയുള്ള ഈ നഗരം സ്ഥിതി ചെയ്യുന്നത്.