സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ് : യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ കുറ്റപത്രം; കേസില്‍ നിയമനടപടി ശക്തം

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ വിവാദ യൂട്യൂബര്‍ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മാജിസ്‌ട്രേറ്റ് കോടതിയില്‍ റൂറല്‍ സൈബര്‍ പോലീസാണ് കുറ്റപത്രം ഫയല്‍ ചെയ്തത്. ഐ.ടി നിയമം അനുസരിച്ചുള്ള വിവിധ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തന്നെ ചതിച്ചതാണെന്നും അവരാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നുമാണ് നിഹാദ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. കേസില്‍ തൊപ്പിക്ക് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസിനാസ്പദമായ ദൃശ്യങ്ങള്‍ കോടതി നേരിട്ട് പരിശോധിച്ചശേഷമായിരുന്നു ഉത്തരവ്. നിഹാദ് നേരിട്ട് അശ്ലീലമോ ലൈംഗികച്ചുവയുള്ളതോ ആയ പരാമര്‍ശങ്ങള്‍ നടത്തിയതായി വ്യക്തമല്ലെന്നും, അതിനാല്‍ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ റൂറല്‍ പോലീസാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് നോട്ടീസ് നല്‍കിയെങ്കിലും ഒളിവിലായ നിഹാദിനായി ലുക്ക്ഔട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഹാജരായ ഇയാളുടെ യുട്യൂബ് ചാനല്‍, പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിന്നീട് നീക്കം ചെയ്തു. നിഹാദും അദ്ദേഹത്തിന്റെ 'എം.ആര്‍.ഇസഡ് ഗ്യാങ്' എന്നറിയപ്പെടുന്ന കൂട്ടായ്മയിലെ അംഗങ്ങളായ മമ്മു , ഷമീര്‍ എന്നിവരും തമ്മില്‍ പരസ്യമായ ആരോപണ-പ്രത്യാരോപണങ്ങള്‍ക്കും ഈ സംഭവങ്ങള്‍ വഴിവെച്ചിരുന്നു. തൊപ്പിക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി സുഹൃത്തുക്കളും രംഗത്തുവന്നിരുന്നു.

നിഹാദ് എം.ഡി.എം.എ ഉപയോഗിക്കാറുണ്ടെന്നും കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു. തൊപ്പിയുടെ മുറിയില്‍ നിന്ന് കഞ്ചാവ് പാക്കറ്റ് കണ്ടെടുത്തതായി അവകാശപ്പെടുന്ന വീഡിയോകളും പുറത്തുവിട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം നടത്തിയെന്നും, പണം നല്‍കി പ്രശ്‌നങ്ങള്‍ ഒതുക്കിത്തീര്‍ത്തുവെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു. ഇതിനിടെ, ലൈവ് സ്ട്രീമിംഗിനിടയില്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ തൊപ്പിയുടെ സംഘത്തിലുണ്ടായിരുന്ന മമ്മുവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *