വാഷിംഗ്‌ടൺ: ഇന്ത്യൻ വംശജനായ യാത്രക്കാരന്റെ ആക്രമണത്തിനിരയായ സോമാലി – അമേരിക്കൻ ഊബർ ഡ്രൈവർ മരിച്ചു. കൗൺസിൽ ഓൺ അമേരിക്കൻ – ഇസ്ലാമിക് റിലേഷൻസ് ആണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. ഈ മാസമാദ്യം മിനിയാപൊളിസിലാണ് ഊബർ ഡ്രൈവർ ആക്രമണത്തിനിരയായത്.
ഹെന്നെപിൻ കൗണ്ടി മെഡിക്കൽ സെന്ററിൽ ഇന്നലെ രാവിലെയാണ് 51കാരനായ മുഹമ്മദ് യൂസഫ് എന്ന ഊബർ ഡ്രൈവർ മരണപ്പെട്ടത്. നവംബർ 14നാണ് ആക്രമണം നടന്നത്. യൂസഫിനെ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയും കാർ ഇടിപ്പിച്ചതിനുശേഷം കുഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യൂസഫ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ 25കാരനായ സമിത് അപൂർവ പട്ടേൽ എന്ന ഇന്ത്യൻ വംശജൻ അറസ്റ്റിലായി. കൊലപാതക ശ്രമം, കാർജാക്കിംഗ് എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. യൂസഫ് യാത്രക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നതിനിടെ തന്റെ സഹോദരനുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. സഹോദരനും ഊബർ ഡ്രൈവറുമാണ്. മുഹമ്മദ് എന്ന പേര് തനിക്ക് ഇഷ്ടമല്ലെന്ന് യാത്രക്കാരൻ യൂസഫിനോട് പറയുന്നത് കേട്ടതായി യൂസഫിന്റെ സഹോദരൻ പറഞ്ഞുവെന്നാണ് കോടതി രേഖകളിൽ പറയുന്നത്. പിന്നീട്, ബെൽറ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചതായും കാർ ഇടിച്ചുകയറ്റിയതായും യൂസഫ് നിലവിളിക്കുന്നത് താൻ കേട്ടതായും സഹോദരൻ മൊഴി നൽകിയെന്ന് കോടതി രേഖകളിൽ വ്യക്തമാക്കുന്നു. എന്നാലിക്കാര്യം തെളിയിക്കാനുള്ള രേഖകളില്ലെന്നാണ് പട്ടേലിന്റെ അഭിഭാഷകൻ പറയുന്നത്.