ഝാര്‍ഖണ്ഡി​​നെ നടുക്കി വാഹനാപകടം: സ്കോർപിയോയിൽ ട്രെയിലർ ഇടിച്ച് 4 കുട്ടികളടക്കം 13 പേർക്ക് ദാരുണാന്ത്യം

റാഞ്ചി: ഝാർഖണ്ഡിലെ റാംഗഢിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ 13 പേർക്ക് ദാരുണാന്ത്യം. റാഞ്ചി–പട്ന ദേശീയപാതയിൽ അമിതവേഗത്തിലെത്തിയ 18 ചക്രങ്ങളുള്ള ട്രെയിലർ സ്കോർപിയോ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാല് കുട്ടികളും നാല് സ്ത്രീകളും ഉൾപ്പെടെ 13 പേരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു.

ഝാർഖണ്ഡിലെ പ്രശസ്തമായ രജ്രപ്പ ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ബിഹാറിലെ നളന്ദ ജില്ലയിലെ ജംഗാരോ ഗ്രാമത്തിൽ നിന്നുള്ള 14 പേരായിരുന്നു സ്കോർപിയോയിലുണ്ടായിരുന്നത്. പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ ട്രെയിലർ ഇടിച്ചുകയറിയതോടെ സ്കോർപിയോ പൂർണമായും തകർന്നു.

വാഹനത്തിലുണ്ടായിരുന്ന ഒരാൾ മാത്രമാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തനം നടത്തി. പിന്നാലെ പോലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *