മൈക്രോ ഫിനാന്‍സ്‌ തട്ടിപ്പ്‌ കേസ്: മെല്ലെപ്പോക്കില്‍ അതൃപ്‌തി അറിയിച്ച്‌ ഹൈക്കോടതി

കൊച്ചി: എസ്‌.എന്‍.ഡി.പി. യോഗം മൈക്രോ ഫിനാന്‍സ്‌ തട്ടിപ്പ്‌ കേസിലെ മെല്ലെപ്പോക്കില്‍ അന്വേഷണ ഉദ്യോഗസ്‌ഥനെ അതൃപ്‌തി അറിയിച്ച്‌ ഹൈക്കോടതി. കോടതി നിര്‍ദേശപ്രകാരം ഹാജരായ അന്വേഷണ ഉദ്യോഗസ്‌ഥന്‍ എസ്‌. ശശിധരന്‌ നേരെയാണ്‌ ജസ്‌റ്റിസ്‌ എ. ബദറുദ്ദീന്‍ വിമര്‍ശനം ഉന്നയിച്ചത്‌. എട്ട്‌ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായെന്ന്‌ അറിയിച്ചിട്ടും ഒരു കേസില്‍ മാത്രമാണ്‌ അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച നടപടിയാണ്‌ കോടതിയെ ചൊടിപ്പിച്ചത്‌.

ഒട്ടേറെ കേസുകള്‍ അന്വേഷിച്ചിട്ടുള്ള ഉദ്യോഗസ്‌ഥന്‍ കോടതി നിര്‍ദേശിച്ചിട്ടും ഒരു കേസില്‍ മാത്രം അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനിടയായ സാഹചര്യമെന്തെന്ന്‌ കോടതി ചോദിച്ചു. കോടതി കര്‍ശന നിലപാട്‌ സ്വീകരിച്ചതു കൊണ്ടാണ്‌ ഒരു കേസിലെങ്കിലും കുറ്റപത്രം സമര്‍പ്പിച്ചത്‌. അന്വേഷണ ഉദ്യോഗസ്‌ഥന്‍ ആരെയാണ്‌ ഭയക്കുന്നതെന്നും കാര്യങ്ങള്‍ വൈകിപ്പിക്കാന്‍ ആരോ പിന്നിലുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

കെ.എസ്‌.ബി.സി.ഡി.സി. മാനേജിങ്‌ ഡയറക്‌ടര്‍ ബി. ദിലീപ്‌ കുമാറും കേസില്‍ പ്രതിയാണെന്നും അതിനാല്‍ പ്രോസിക്യുഷന്‍ അനുമതി വേണമെന്നും അന്വേഷണ ഉദ്യോഗസ്‌ഥന്‍ വിശദീകരിച്ചു. വൈകിയ വേളയിലാണല്ലോ ഇക്കാര്യം പറയുന്നതെന്നും കേസില്‍ താല്‍പര്യമില്ലാത്തതിനാലാണ്‌ ഇങ്ങിനെയെന്നും കോടതി പറഞ്ഞു. സര്‍ക്കാര്‍ മാറ്റിയിട്ടും ശരിയായി അന്വേഷിക്കുമെന്ന്‌ കരുതി അന്വേഷണ ഉദ്യോഗസ്‌ഥനെ നിലനിര്‍ത്തിയത്‌ കോടതിയാണെന്നും വ്യക്‌തമാക്കി.

നിരവധി കേസുകള്‍ ഒരേസമയം അന്വേഷിച്ചുവരികയാണെന്നും ജോലി ഭാരമുണ്ടെന്നും എസ്‌.പി: എസ്‌. ശശിധരന്‍ കോടതിയെ അറിയിച്ചു. ശബരിമല കേസ്‌ ഉള്‍പ്പെടെയുള്ള സുപ്രധാന കേസുകളുടെ അന്വേഷണ ചുമതലയും തനിക്കുണ്ടെന്നും വിശദീകരിച്ചു. അന്വേഷണ ഉദ്യോഗസ്‌ഥന്റെ ജോലിഭാരവും സാഹചര്യങ്ങളും സര്‍ക്കാരിനുവേണ്ടി സ്‌റ്റേറ്റ്‌ അറ്റോര്‍ണിയും ചൂണ്ടിക്കാട്ടി.

കേസുകളില്‍ 124 പ്രത്യേക കുറ്റങ്ങളുണ്ടെന്നും വിവിധ താലൂക്കുകളിലെ രേഖകള്‍ ഉള്‍പ്പെടെ വിപുലമായ തെളിവുകള്‍ പരിശോധിച്ച്‌ കുറ്റപത്രം തയാറാക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ഇതിനായി മൂന്നാഴ്‌ച കൂടി സമയവും നല്‍കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. പുല്‍പ്പള്ളിയിലെ കേസില്‍ ഒരാഴ്‌ചക്കുള്ളിലും മറ്റ്‌ ആറു കേസുകളില്‍ മൂന്നാഴ്‌ചക്കകവും സമഗ്രമായ കുറ്റപത്രം സമര്‍പ്പിക്കുമെന്ന്‌ സര്‍ക്കാര്‍ ഉറപ്പ്‌ നല്‍കി. തുടര്‍ന്ന്‌ വിഷയം ഡിസംബര്‍ ഏഴിന്‌ പരിഗണിക്കാന്‍ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *