എഥനോള്‍ കലര്‍ന്ന പെട്രോള്‍: പരിശോധനാഫലം പുറത്തുവരാത്തത്‌ ആശങ്കയെന്ന്‌ പമ്പുടമകള്‍

അനുവദനീയമായ അളവില്‍ കൂടുതല്‍ എഥനോള്‍ കലര്‍ന്ന പെട്രോള്‍ വിതരണം ചെയ്യുന്നുവെന്ന കര്‍ണാടക സര്‍ക്കാരിന്റെ പരിശോധനാ ഫലം കേരളത്തിലും ആശങ്ക പടര്‍ത്തിയിട്ടുണ്ട്‌. ഇത്‌ പമ്പ്‌ ജീവനക്കാരും വാഹനഉടമകളും തമ്മില്‍ പലയിടത്തും തര്‍ക്കത്തിന്‌ കാരണമാകുന്നു. ഇതിനു പിന്നാലെ കേരളത്തില്‍ സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ മുന്‍കൈയെടുത്ത്‌ സാമ്പിള്‍ എടുത്തു. പത്തു ദിവസത്തിനകം പരിശോധനാഫലം പുറത്തുവരുമെന്ന്‌ പറഞ്ഞെങ്കിലും ഇതുവരെ ഫലം പുറത്ത്‌ വന്നിട്ടില്ലെന്ന്‌ എ.കെ.എഫ്‌.പി.ടി. പ്രസിഡന്റ്‌ ടോമി തോമസ്‌, സെക്രട്ടറി സഹ അഷ്‌റഫ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

താരതമ്യ പഠനത്തിനായി എഥനോള്‍ കലരാത്ത ശുദ്ധമായ പെട്രോള്‍ നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം എണ്ണക്കമ്പനികള്‍ അംഗീകരിക്കാത്തതാണ്‌ പരിശോധനാഫലം വൈകാന്‍ കാരണമെന്നാണ്‌ സര്‍ക്കാരിന്റെ ഭാഷ്യം. റിഫൈനറികളില്‍നിന്ന്‌ കൊടുക്കുന്നത്‌ ശുദ്ധമായ പെട്രോള്‍ ആണെന്ന്‌ കേന്ദ്രമന്ത്രി പറയുന്നു. ശുദ്ധമായ പെട്രോള്‍ ആണെങ്കില്‍ സാമ്പിള്‍ കൊടുക്കാന്‍ എണ്ണക്കമ്പനികള്‍ മടിക്കുന്നത്‌ എന്തിനാണെന്നു നേതാക്കള്‍ ചോദിച്ചു.

റിഫൈനറികളില്‍ അല്ല വിതരണകേന്ദ്രത്തിലാണ്‌ ബ്ലെന്‍ഡിങ്‌ നടക്കുന്നത്‌. അതുകൊണ്ട്‌ വിതരണ കേന്ദ്രങ്ങളിലും അവിടെനിന്ന്‌ പുറപ്പെടുന്ന ടാങ്കറുകളിലുമാണ്‌ പരിശോധന നടത്തേണ്ടത്‌. വിതരണകേന്ദ്രത്തില്‍നിന്ന്‌ ടാങ്കറുകളില്‍ എത്തിക്കുന്ന ഇന്ധനത്തിന്റെ ഡെന്‍സിറ്റി, അതില്‍ വെള്ളം കലര്‍ന്നിട്ടുണ്ടോ എന്നിവ മാത്രമേ പമ്പുകള്‍ക്ക്‌ പരിശോധിക്കാന്‍ കഴിയൂവെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ഐ.ഒ.സി, എച്ച്‌.പി, ബി.പി.സി.എല്‍. കമ്പനികള്‍ നേരിട്ട്‌ നടത്തുന്ന പമ്പുകളില്‍നിന്നും സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്റ ഉടമസ്‌ഥതയിലുള്ള പമ്പുകളില്‍നിന്നും സാമ്പിളുകള്‍ ശേഖരിച്ചിട്ടില്ല. നയാരാ, ജിയോ ബിപി തുടങ്ങിയ പമ്പുകളില്‍ പെട്രോളിന്‌ 5 രൂപ വരെ കൂടുതലാണെങ്കിലും എഥനോള്‍ കുറവാണെന്ന ധാരണയില്‍ ഇത്തരം പമ്പുകളില്‍ കച്ചവടം വര്‍ധിക്കുന്നുണ്ട്‌. പൊതുമേഖലാ എണ്ണക്കമ്പനികളുടെ കച്ചവടം കുറയുന്നുമുണ്ട്‌. പൊതുമേഖലാ എണ്ണകമ്പനികള്‍ തകര്‍ക്കാനുള്ള നീക്കമാണോ ഇതിനു പിന്നിലെന്ന്‌ സംശയിക്കുന്നതായും നേതാക്കള്‍ പറഞ്ഞു.

പമ്പുടമകളെ സംശയനിഴലില്‍ നിര്‍ത്തുന്ന സാഹചര്യമാണ്‌ ഇപ്പോഴുള്ളത്‌. ടെര്‍മിനലുകളില്‍നിന്ന്‌ കൊടുത്തുവിടുന്ന ഇന്ധനം നല്‍കാന്‍ മാത്രമേ പമ്പുകള്‍ക്ക്‌ കഴിയൂ. എഥനോള്‍ സാന്നിധ്യത്തിന്റെ പേരില്‍ ഏതെങ്കിലും ഒരു പമ്പുടമയ്‌ക്കെതിരേ നടപടി വന്നാല്‍ സംസ്‌ഥാനത്തെ മുഴുവന്‍ പെട്രോള്‍ പാമ്പുകളും അടച്ചിടുമെന്ന്‌ എ.കെ.എഫ്‌.പി.ടി. നേതാക്കള്‍ മുന്നറിയിപ്പ്‌ നല്‍കി. 2025 ജനുവരിക്കു മുന്‍പ്‌ ഇറങ്ങിയ വാഹനങ്ങളുടെ എന്‍ജിന്‍ എഥനോള്‍ കലര്‍ന്ന ഇന്ധനം ഉപയോഗിക്കാന്‍ അനുയോജ്യമല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *