യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് നിർമിക്കാൻ ഇന്ത്യയുടെ എസ്സാർ ഗ്രൂപ്പ്: പ്രഖ്യാപനവുമായി ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് നിർമിക്കാൻ ഇന്ത്യൻ പ്രമുഖ വ്യവസായ ഗ്രൂപ്പായ എസ്സാർ. എസ്സാർ ഗ്രൂപ്പിന്റെ ഉപകമ്പനിയായ മെസാബി മെറ്റാലിക്സാണ് ഐയോവയിൽ സ്റ്റീൽ പ്ലാന്റ് നിർമിക്കുന്നത്. ഇതിനായി 15 ബില്യൺ ഡോളർ എസ്സാർ ഗ്രൂപ്പ് നിക്ഷേപിക്കും. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

എസ്സാർ ഗ്രൂപ്പ് സഹസ്ഥാപകൻ രവി റൂയിയ, മെസാബി മെറ്റാലിക്സ് ചെയർമാൻ രേവന്ത് റൂയിയ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇത് യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റാണെന്നും ഈ നിക്ഷേപം യുഎസ് ഉൽപ്പാദന മേഖലയ്ക്ക് കൂടുതൽ കരുത്തുപകരുമെന്നും ട്രംപ് പറഞ്ഞു.

2030 ഓടെ പ്രവർത്തനം ആരംഭിക്കാൻ ലക്ഷ്യമിടുന്ന ഈ പ്ലാന്റിൽ പ്രതിവർഷം 10 ദശലക്ഷം ടൺ സ്റ്റീൽ ഉൽപ്പാദിപ്പിക്കാനാവുമെന്നും ഇതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവുമെന്നും ട്രംപ് വ്യക്തമാക്കി. പ്ലാന്റിന്റെ നിർമാണത്തോടെ അമേരിക്കൻ സ്റ്റീൽ വ്യവസായം വീണ്ടും ജീവൻ പ്രാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നിർമാണ മേഖലയ്ക്ക് ട്രംപ് ഭരണകൂടം നൽകുന്ന മുൻഗണനയെ മെസാബി മെറ്റാലിക്സ് ചെയർമാൻ രേവന്ത് റൂയിയ അഭിനന്ദിച്ചു. യുഎസിൽ സാധനങ്ങൾ നിർമിക്കുന്നതിന്റെ പ്രാധാന്യം തിരികെകൊണ്ടുവന്നതിന് ട്രംപിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *