റെയിൽവേ സ്റ്റേഷനിൽനിന്ന് ബൈക്ക് പൊക്കി ആക്രിക്ക് വിറ്റു; മൂന്നുപേർ അറസ്റ്റിൽ

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷൻ പാർക്കിങ്ങിൽ നിർത്തിയിട്ട ബൈക്ക് കവർന്ന് ആക്രിക്കടയിൽ വിറ്റ സംഭവത്തിൽ മൂന്നുപേരെ ചന്തേര പോലിസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ പുഞ്ചക്കാട് തസ്‌മീറ മൻസിലിൽ പി.വി. മുഹമ്മദ് സാബിത്ത് (21), തൃക്കരിപ്പൂർ തങ്കയത്തെ ഷൻസാ വില്ലയിലെ എം. ഷഹർബാസ് (22), പയ്യന്നൂർ പുഞ്ചക്കാട്ടെ റഹ്മത്ത് മഹലിലെ എ.ടി. ഫവാസ് (21)എന്നിവരെയാണ് എസ്.ഐ വിഷ്‌ണു എസ്. നായരും സംഘവും പിടികൂടിയത്.

ഇളമ്പച്ചി തലിച്ചാലത്തെ അധ്യാപകൻ പി.വി.പ്രശോഭിൻ്റെ ബൈക്കാണ് പ്രതികൾ മോഷ്ടിച്ചത്. 21- ന് രാവിലെ സ്റ്റേഷനിൽ ബൈക്ക് പാർക്ക് ചെയ്ത് കാസർകോട്ടേക്ക് പോയതായിരുന്നു. കവർച്ച പക്ഷെ നിരീക്ഷണ കാമറയിൽ പതിഞ്ഞിരുന്നു. നേരത്തെ വാഹനങ്ങളുടെ ബാറ്ററിയും ഹെൽമറ്റും മോഷണം പോകുന്നത് പതിവായതോടെയാണ് കാമറ വെച്ചത്.

അന്നൂർ ആലിങ്കീഴിന് സമീപം ആക്രിക്കട നടത്തുന്ന തമിഴ്‌നാട് സ്വദേശിക്ക് നാലായിരം രൂപക്കാണ് പ്രതികൾ ബൈക്ക് വിറ്റത്. പോലിസ് കണ്ടെത്തുമ്പോൾ തല്ലി പൊളിച്ച നിലയിലായിരുന്നു. അവശേഷിച്ച തൊണ്ടിമുതൽ കസ്റ്റഡിയിലെടുത്തു . ആക്രിക്കാരൻ്റെ കടയുടെ താക്കോലും ഫോണും പോലിസ് കസ്റ്റഡിയിലെടുത്തു.

പിടിയിലായവർക്ക് ബംഗളൂരുവിലും എറണാകുളത്തും ലഹരിമരുന്ന് കേസുകൾ ഉള്ളതായി പോലിസ് അറിയിച്ചു . സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ പ്രഭേഷ്കുമാർ, അമൽ രാമചന്ദ്രൻ, സജിത്, സുനിൽകുമാർ, ശിവകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. നിരവധി കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെയും അതുവഴി മോഷ്ടിച്ച ബൈക്കിലേക്കും എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *