പാലക്കാട്: പാൽ കുടിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെട്ട രണ്ട് വയസുകാരൻ മരിച്ചു. പറമ്പിക്കുളം തേക്കടി മുപ്പതേക്കർ ഉന്നതിയിൽ മലമലസർ ഗോത്രവിഭാഗത്തിൽപ്പെട്ട നന്ദകുമാറിന്റെയും ഉമാക്കുട്ടിയുടെയും മകൻ മണികണ്ഠനാണ് മരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ട ഉടൻതന്നെ കുട്ടിയെ തമിഴ്നാട് വേട്ടയ്ക്കാരൻപുതൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഉന്നതിയിലേക്ക് കൊണ്ടുപോയെങ്കിലും പൊലീസ് നിർദേശപ്രകാരം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുപ്പതേക്കർ ഉന്നതിയിലേക്ക് ആംബുലൻസ് വരില്ലെന്നറിയിച്ചതോടെ മൃതദേഹം പൊലീസ് ജീപ്പിൽ തമിഴ്നാട് സേത്ത്മടയിലെത്തിക്കുകയായിരുന്നു. അവിടെനിന്ന് പറമ്പിക്കുളത്തെ ആംബുലൻസിലാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
സംഭവത്തിൽ പറമ്പിക്കുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇന്ന് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അടിയന്തര ചികിത്സാ സൗകര്യമില്ലാത്തതാണ് രണ്ട് വയസുകാരന്റെ മരണത്തിനിടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം നൽകിയ പറമ്പിക്കുളം പൊലീസിന് മുന്നിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു.
കുട്ടികൾക്കും പ്രായമായവർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ പ്രാഥമിക ചികിത്സ പോലും ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഉന്നതിയിൽ എത്രയും വേഗം ആരോഗ്യ ഉപകേന്ദ്രം ആരംഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ റോഡിന്റെ മോശം അവസ്ഥ കാരണം ആംബുലൻസിന് പോലും വരാൻ കഴിയാത്ത സ്ഥിതിയുണ്ട്. റോഡ് നന്നാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.