തിരുവനന്തപുരം : വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച വ്യക്തിയുടെ പേരും മറ്റ് വിവരങ്ങളും യഥാസമയം കണ്ടെത്തുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയിൽ ശക്തമായ നടപടിക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ക്യാഷ്വാലിറ്റി പി.ആർ.ഒ.യെ അന്വേഷണവിധേയമായി ജോലിയിൽ നിന്ന് മാറ്റിനിർത്തി. ക്യാഷ്വാലിറ്റിയുടെ ചുമതലയുണ്ടായിരുന്ന രണ്ട് സീനിയർ നഴ്സിംഗ് ഓഫീസർമാരെയും ചുമതലയിൽ നിന്ന് മാറ്റി.
ക്യാഷ്വാലിറ്റി ഡെപ്യൂട്ടി സൂപ്രണ്ട്, ചീഫ് നഴ്സിംഗ് ഓഫീസർ, സെക്യൂരിറ്റി ഓഫീസർ എന്നിവരോട് വിശദീകരണം തേടിയിട്ടുമുണ്ട്. സംഭവത്തിൽ അടിയന്തരമായി വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് മന്ത്രി നിർദ്ദേശം നൽകി. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഉത്തരവാദപ്പെട്ടവർക്കെതിരെ വീഴ്ച കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലെത്തുന്ന രോഗികളുടെ തിരിച്ചറിയൽ വിവരങ്ങൾ ശേഖരിക്കുന്നതിലും രേഖപ്പെടുത്തുന്നതിലും ഏകോപനത്തിലും വീഴ്ചയുണ്ടാകുന്നത് ഗൗരവമായി കാണുന്നുവെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഒക്ടോബർ 17ന് പുലർച്ചെ അഞ്ചിന് ബന്ധുവീട്ടിൽ പോകുകയായിരുന്ന ജോൺസണ് ഗ്രീൻഫീൽഡിൽ വച്ച് അപകടം സംഭവിച്ചു. അദ്ദേഹത്തെ ആംബുലൻസിൽ ഉടൻ മെഡിക്കൽ കോളേജിലെത്തിച്ചു. 11 ദിവസത്തോളം ഗുരുതരാവസ്ഥയിൽ ജോൺസൺ ചികിത്സയിലുണ്ടായിരുന്നു. ഈ സമയം ആധാർ കാർഡടക്കം തിരിച്ചറിയൽ രേഖകളുണ്ടായിട്ടും ആശുപത്രി അധികൃതർ തങ്ങളെ വിവരമറിയിച്ചില്ല എന്നാണ് ജോൺസണിന്റെ ബന്ധുക്കൾ ആരോപിച്ചത്. ഇതിലാണ് കടുത്ത നടപടിയുണ്ടായത്.