ചെന്നൈ: തമിഴ്നാട്ടിലെ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനും ചേർന്ന് ടിവികെ എംഎൽഎമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നതായി വൈദ്യുതി മന്ത്രി നിർമൽ കുമാർ ആരോപിച്ചു. ഓരോ എംഎൽഎയ്ക്കും 60 മുതൽ 70 കോടി രൂപ വരെ വാഗ്ദാനം ചെയ്തതായാണ് മന്ത്രിയുടെ ആരോപണം. എന്നാൽ പണം സ്വീകരിച്ച് ആരും പാർട്ടി വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ടിവികെ എംഎൽഎമാരെ ബന്ധപ്പെടാനും പണം നൽകി കൂടെ നിർത്താനും ശ്രമം ആരംഭിച്ചതായും നിർമൽ കുമാർ ആരോപിച്ചു. ബിജെപിയുടെ പിന്തുണയോടെ ഡിഎംകെയും എഐഎഡിഎംകെയും ചേർന്ന് ഉപതിരഞ്ഞെടുപ്പിൽ പൊതുസ്ഥാനാർഥിയെ മത്സരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
എടപ്പാടി കെ. പളനിസാമിയെ മുഖ്യമന്ത്രിയാക്കി ബിജെപിയുടെ പിന്തുണയോടെ പുതിയ സർക്കാർ രൂപീകരിക്കുകയാണ് ഈ നീക്കങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി ആരോപിച്ചു.
അതേസമയം, ആരോപണങ്ങൾ ഡിഎംകെ, എഐഎഡിഎംകെ, ബിജെപി പാർട്ടികൾ നിഷേധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എഐഎഡിഎംകെയിലെ ആറ് എംഎൽഎമാർ രാജിവെച്ച് ടിവികെയിൽ ചേർന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ തിരിച്ചടിച്ചത്. ഭരണകക്ഷി തന്നെ കുതിരക്കച്ചവടത്തിലൂടെയാണ് നിലനിൽക്കുന്നതെന്നും ഡിഎംകെ ആരോപിച്ചു.
വിജയ് സർക്കാരിനെതിരെ കുതിരക്കച്ചവടത്തിന് ശ്രമിച്ചെന്ന കേസിൽ എട്ടുപേരെ തമിഴ്നാട് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്പീക്കർക്കെതിരായ പ്രമേയത്തിൽ അനുകൂലമായി വോട്ട് ചെയ്യാൻ 35 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ടിവികെ എംഎൽഎ എൻ. ഇളയരാജയുടെ പരാതിയിലായിരുന്നു നടപടി.
ഈ കേസുമായി ബന്ധപ്പെട്ട് മുൻ ഡിഎംകെ മന്ത്രി വി. സെന്തിൽ ബാലാജിയുടെ സഹോദരനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.