തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,535 രൂപയും പവന്റെ വില 1,08,280 രൂപയുമായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണവിലയിൽ ഏകദേശം 2,400 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് നിരക്കിൽ നേരിയ വർദ്ധനവ് ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് സ്വർണവില വർദ്ധിക്കാൻ പ്രധാന കാരണം ആഗോള വിപണിയിലെ എണ്ണവില വർദ്ധനവും അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച അനിശ്ചിതത്വവുമാണ്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം അന്താരാഷ്ട്ര വിപണിയിൽ ബ്രെൻഡ് ക്രൂഡ് ഓയിൽ വില ബാരലിന് ഉയർന്ന നിരക്കിൽ തുടരുന്നത് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. ആഗോള സാമ്പത്തിക വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോൾ നിക്ഷേപകർ ഓഹരി വിപണിയിൽ നിന്ന് പണം പിൻവലിച്ച് കൂടുതൽ സുരക്ഷിതമായ സ്വർണത്തിലേക്ക് മാറ്റുന്നത് വില വർദ്ധിക്കാൻ ഇടയാക്കുന്നു.
ഇന്ത്യ സ്വർണം ഇറക്കുമതി ചെയ്യുന്നത് യുഎസ് ഡോളറിലാണ്. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുമ്പോൾ സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് വർദ്ധിക്കുകയും ഇത് പ്രാദേശിക വിപണിയിൽ വില കൂടാൻ കാരണമാവുകയും ചെയ്യുന്നു. കേരളത്തിൽ ഒരിടവേളയ്ക്ക് ശേഷം വിവാഹ സീസൺ വീണ്ടും ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്നതിനാൽ ആഭരണം വാങ്ങാൻ തയ്യാറെടുക്കുന്നവർക്ക് വില വർദ്ധന ആശങ്ക സൃഷ്ടിക്കുന്നുണ്ട്.