പത്തനംതിട്ട: ശബരിമല സന്നിധാനത്തെ വെടിവഴിപാട് ദേവസ്വം ബോർഡ് ഉപേക്ഷിക്കുന്നു. വനംവകുപ്പിന്റെ എതിർപ്പ് ഉൾപ്പെടെ പരിഗണിച്ചാണ് നീക്കം. ഇതോടെ ലേലത്തിൽ നിന്നും വെടിവഴിപാടിനെ ഒഴിവാക്കി. ശബരിമല പെരിയാർ കടുവ സങ്കേതത്തിലായതിനാൽ സ്ഥിരമായി വെടിയൊച്ച കേൾക്കുന്നത് വന്യമൃഗങ്ങൾക്ക് ശല്യമാകുന്നുവെന്ന് വനംവകുപ്പ് ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു.
500 കിലോ വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള ചെന്നൈ എക്‌സ്‌പ്ലോസീവ് കൺട്രോളറുടെ അനുമതി ദേവസ്വം ബോർഡിനുണ്ട്. മാത്രമല്ല ജില്ലാ കളക്ടറുടെ ലൈസൻസിനും കാലാവധിയുണ്ട്. കരാറുകാരൻ കൊച്ചിയിലെ എക്‌സ്‌പ്ലോസീവ് കൺട്രോൾ ഓഫീസിൽ നടത്തിയ പരീക്ഷ വിജയിച്ച് സർട്ടിഫിക്കറ്റും നേടിയിരുന്നു.
തീർത്ഥാടകരെത്താത്ത പ്രദേശത്താണ് വെടിമരുന്ന് സൂക്ഷിക്കുന്ന കെട്ടിടം സ്ഥിതിചെയ്യുന്നത്. ഇവിടെ അഗ്നിരക്ഷാസേന, പൊലീസ് എന്നിവർ പരിശോധന നടത്തി സുരക്ഷയും ഉറപ്പാക്കിയിരുന്നു. എന്നാൽ വന്യമൃഗങ്ങൾക്ക് ശല്യമാകുമെന്ന് വനംവകുപ്പ് എതിർപ്പ് അറിയിച്ചതിനാൽ വെടിവഴിപാട് ഒഴിവാക്കാനാണ് തീരുമാനമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.