ചെന്നൈ: ഷോർട്ട് ഫിലിം നിർമിച്ച് നൽകാമെന്ന പേരിൽ യുവാവിൽ നിന്ന് പണം തട്ടിയ നടി അറസ്റ്റിൽ. നടിയും റിയാലിറ്റി ഷോ താരവുമായ വർഷിണി വെങ്കട്ടിനെയാണ് (28) ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ ഗുണ്ടിയിലെ താമസക്കാരനും ഷെയർ ട്രേഡറുമായ തരുൺ (26) ആണ് പരാതി നൽകിയത്. അഞ്ചുലക്ഷം രൂപയാണ് നടി തട്ടിയെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. പണം തിരികെ ചോദിച്ചപ്പോൾ മൊബൈൽ ഫോണുകളും പണവും കവർന്നതായും പരാതിയിലുണ്ട്.
പണം നൽകി മാസങ്ങൾ പിന്നിട്ടിട്ടും ഷോർട്ട് ഫിലിമിന്റെ നിർമാണം നടക്കാതായതോടെയാണ് യുവാവ് നടിയിൽ നിന്ന് അഞ്ചുലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടത്. തുടർന്ന് പണം നൽകാമെന്ന വ്യാജേന തരുണിനെ വിളിച്ചുവരുത്തിയ വർഷിണി ഇയാളെ ഭീഷണിപ്പെടുത്തുകയും 50,000 രൂപയും വില കൂടിയ മൊബൈൽ ഫോണുകളും ബലമായി പിടിച്ചെടുക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
തട്ടിപ്പ്, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടിയെ അറസ്റ്റ് ചെയ്തത്. കേസിൽ മറ്റ് മൂന്ന് പ്രതികളും അറസ്റ്റിലായിട്ടുണ്ട്. തട്ടിപ്പിൽ ഉൾപ്പെട്ട ബാക്കി പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ നടിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ചെന്നൈ മൈലാപ്പൂർ സ്വദേശിനിയാണ് വർഷിണി.