ന്യൂഡൽഹി : എക്സ്പ്രസ് വേകളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ പോകുന്ന വാഹനങ്ങൾക്ക് അമിത വേഗത്തിന് പിഴ ഈടാക്കരുതെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. ഇത് കൂടാതെ 120 കിലോമീറ്ററിനെക്കാൾ 20 ശതമാനം അധികവേഗം എടുക്കുന്ന വാഹനങ്ങളെയും പിഴയിൽ നിന്ന് ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. എക്സ്പ്രസ് വേയിൽ മേൽപ്പറഞ്ഞതിലും അധികം വേഗതയെടുക്കുന്ന വാഹനങ്ങൾക്ക് എതിരെ മാത്രം നടപടി എടുത്താൽ മതിയെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഡൽഹി- മുംബയ് എക്സപ്രസ് വേ പോലുള്ള ഭാഗങ്ങളിൽ നിലവിൽ 100നും 120നും ഇടയിലാണ് വാഹനങ്ങളുടെ വേഗപരിധി. ഇവിടങ്ങളിൽ ഡ്രൈവർമാർക്ക് അനാവശ്യമായി ചെലാനുകൾ ലഭിക്കുന്നത് ഒഴിവാക്കാനാണ് ഈ നിർദ്ദേശമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. വേഗത്തിന്റെ പേരിൽ ചിലർക്ക് റോഡിൽ വച്ച് തന്നെ നോട്ടീസ് നൽകുന്നു. 120 കിലോമീറ്റർ വരെയാണ് വേഗതയെങ്കിൽ നോട്ടീസ് നൽകരുതെന്ന് മന്ത്രി പറഞ്ഞു. 120 കിലോമീറ്റർ വേഗപരിധിയുള്ള പാതകളിൽ 20 ശതമാനം കൂടി ഇളവ് നൽകുന്നതോടെ വേഗം 144 കിലോമീറ്ററിലേക്ക് മാറും.