16 മണിക്കൂർ യാത്രയ്ക്ക് 2684 രൂപ, ഒപ്പം ഭക്ഷണവും; ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ നവംബർ മൂന്നിന് ട്രാക്കിൽ

ബംഗളൂരു: കർണാടകയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഏറ്റവും മികച്ച ഓപ്ഷനാകാൻ പോകുകയാണ് ബംഗളൂരു-മുംബയ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ. നവംബർ ഒന്നിന് രാവിലെ 10:30ന് ബംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യും. നവംബർ 3ന് ആണ് യാത്രക്കാർക്കായുള്ള ആദ്യ സർവീസ് ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിൽ ആദ്യമായി സർവീസ് നടത്തുന്ന വന്ദേഭാരതിന്റെ താൽക്കാലിക സമയപ്പട്ടികയും ടിക്കറ്റ് നിരക്കും പുറത്തുവന്നു. ബംഗളൂരു-മുംബയ് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഗുന്തക്കൽ റൂട്ടിലൂടെ എസ്.എം.വി.ടി ബംഗളൂരുവിനും സി.എസ്.എം.ടി മുംബയ്ക്കുമിടയിലാണ് സർവീസ് നടത്തുന്നത്. ഈ ട്രെയിൻ എസ്.എം.വി.ടി ബംഗളൂരു, അനന്തപൂർ, ഗുന്തക്കൽ, റായ്ച്ചൂർ, കലബുറഗി, സോളാപൂർ, പൂനെ, കല്യാൺ, സി.എസ്.എം.ടി മുംബയ് എന്നീ സ്റ്റേഷനുകളിൽ നിർത്താൻ സാദ്ധ്യതയുണ്ട്.

പ്രാഥമിക സമയക്രമമനുസരിച്ച്, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തും. ബംഗളൂരുവിനും മുംബയ്ക്കുമിടയിലുള്ള ദൂരം പിന്നിടാൻ ഏകദേശം 16 മണിക്കൂർ സമയമെടുക്കും. ബംഗളൂരുവിൽ നിന്ന് വൈകുന്നേരം 7:50ന് പുറപ്പെടുന്ന ട്രെയിൻ, ഏകദേശം 16 മണിക്കൂറും 5 മിനിറ്റും യാത്ര ചെയ്ത് പിറ്റേദിവസം രാവിലെ 11:55ന് മുംബയിൽ എത്തിച്ചേരും.

തിരിച്ചുള്ള യാത്ര മുംബയിൽ നിന്ന് രാത്രി 8:10ന് പുറപ്പെട്ട്, ഏകദേശം 15 മണിക്കൂറും 45 മിനിറ്റും യാത്ര ചെയ്ത് പിറ്റേദിവസം രാവിലെ 11:55ന് ബംഗളൂരുവിൽ എത്തും. ഈ സമയക്രമം സർവീസ് ആരംഭിക്കുന്നത് അനുസരിച്ച് മാറ്റം വരാം. റിപ്പോർട്ടുകൾ പ്രകാരം, തേഡ് എസിയിൽ 2684 രൂപയാണ് ടിക്കറ്റ് നിരക്ക്. സെക്കൻഡ് എസിയിൽ 3466 രൂപയും ഫസ്റ്റ് എസിയിൽ 4250 രൂപയുമാണ് നിരക്ക്. ഇതിൽ യാത്രയ്ക്കിടയിലുള്ള ഭക്ഷണവും ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *