കോയമ്പത്തൂർ: പാകിസ്താൻ രഹസ്യാന്വേഷണ ഏജന്റിന് തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയെന്ന കേസിൽ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രദീപ് മുഖർജിയെയാണ് ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം കോയമ്പത്തൂരിൽ അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട പാകിസ്താൻ വനിതാ ഏജന്റുമായി ബന്ധം സ്ഥാപിച്ച ശേഷം വിശാഖപട്ടണം നാവിക താവളവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും നീക്കങ്ങൾ, പ്രതിരോധ ആസ്തികൾ, സേനയുടെ പ്രവർത്തനങ്ങൾ തുടങ്ങിയ വിവരങ്ങൾ കൈമാറിയെന്നാണ് ആരോപണം.
കോയമ്പത്തൂർ റെഡ് ഫീൽഡ്സിലെ നാവികസേനാ പരിശീലന കേന്ദ്രമായ ഐഎൻഎസ് അഗ്രണിയിൽ മാനേജ്മെന്റ് ഡെവലപ്മെന്റ് കോഴ്സിന് എത്തിയപ്പോഴാണ് പ്രദീപ് മുഖർജിയെ അറസ്റ്റ് ചെയ്തത്.
ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളുടെ നീക്കങ്ങൾ കൗണ്ടർ ഇന്റലിജൻസ് വിഭാഗം നിരീക്ഷിച്ചിരുന്നുവെന്നാണ് വിവരം. ചാരവൃത്തി സംബന്ധിച്ച സംശയം സ്ഥിരീകരിച്ചതിന് പിന്നാലെ നാവികസേനാ അധികൃതരുടെ അനുമതിയോടെയാണ് അറസ്റ്റ് നടത്തിയതെന്നും അന്വേഷണ സംഘം അറിയിച്ചു.
കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇയാളെ വിജയവാഡയിലെ കൗണ്ടർ ഇന്റലിജൻസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി. വിവരങ്ങൾ കൈമാറിയതിന് പ്രതിഫലമായി ഹവാല വഴിയോ ഡിജിറ്റൽ ഇടപാടുകളിലൂടെയോ പണം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.