ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി സജീവമായി ഇടപെടുകയാണെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ. റഷ്യയുമായും യുക്രെയിനുമായും പ്രത്യേകം ഇക്കാര്യത്തിൽ ഇന്ത്യ സംസാരിക്കുന്നുണ്ടെന്ന് ജയ്‌ശങ്കർ മ്യൂണിക്ക് ലീഡേഴ്‌സ് മീറ്റിൽ വ്യക്തമാക്കി.
ഇന്ത്യയടക്കം നാല് രാജ്യങ്ങളിൽ നിന്ന് വെടിനിർത്തൽ നിർദ്ദേശം ലഭിച്ചെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ വ്യക്തമാക്കിയതിന് പിന്നാലെയാണ് ജയ്‌ശങ്കറിന്റെ വെളിപ്പെടുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയ്ക്കും യുക്രെയിനും അംഗീകരിക്കാവുന്ന ചില മികച്ച ഐഡിയകൾ ഉണ്ടെന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് യുക്രെയ്‌ൻ ഭരണകൂടവും ഇന്ത്യയുടെ നിർദ്ദേശം ലഭിച്ചെന്നറിയിച്ചത്. എന്തൊക്കെ കാര്യങ്ങളാണ് ഇന്ത്യ പങ്കുവച്ചതെന്ന് പൂർണമായും വ്യക്തമാക്കാത്ത ജയ്‌ശങ്കർ കരിങ്കടൽ വഴി കപ്പൽ ഗതാഗതത്തിലെ സുരക്ഷയും എണ്ണ, ഊർജ്ജ മേഖലയിലെ കയറ്റുമതിയിലെ സുരക്ഷയെയുംകുറിച്ച് ഓർമ്മിപ്പിച്ചു.
'ഞങ്ങൾ വർഷങ്ങളായി റഷ്യ-യുക്രെയ്‌ൻ സമാധാനത്തിനായി വാദിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ അടുത്തകാലത്ത് വാദത്തിനുപരി സജീവമായി ഇടപെടാൻ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ റഷ്യയുമായും യുക്രെയിനുമായും പ്രത്യേകം ചർച്ചകൾ നടത്തുന്നുണ്ട്. കരിങ്കടലിലെ കപ്പൽ ഗതാഗത വിഷയം മുൻനിർത്തി സഹായകരമായി പ്രവർത്തിക്കാനാണ് ഞങ്ങളുടെ ശ്രമം.'-ജയ്‌ശങ്കർ വ്യക്തമാക്കി. 'ധാന്യ, ഊർജ്ജ കയറ്റുമതിയെ ആക്രമിക്കാതിരിക്കാനുള്ള സാദ്ധ്യതകളുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളും ഇതിൽ പെടുന്നു.'-കേന്ദ്രമന്ത്രി അറിയിച്ചു.
ഷാങ്‌ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കിർഗിസ്ഥാനിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിൽ പുടിനുമായി സംസാരിച്ചിരുന്നു. ഫ്രാൻസിലെ ജി7 ഉച്ചകോടിയിൽ യുക്രെയിൻ പ്രസിഡന്റ് വ്‌ളോദിമിർ സെലെൻസ്‌കിയെയും മോദി കണ്ടിരുന്നു. കഴിഞ്ഞ മാസം കേന്ദ്ര വിദേശകാര്യ മന്ത്രി ഇക്കാര്യത്തിനായി യുക്രെയിനിലേക്ക് പോയിരുന്നു. 'ഇന്ത്യയും റഷ്യയുമായി 1950കൾ മുതൽ ചരിത്രപരമായി വലിയ ബന്ധമുണ്ട്. അത് മറക്കാൻ സാദ്ധ്യമല്ല. നമ്മുടെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണി നേരിട്ടപ്പോൾ അന്ന് സോവിയറ്റ് യൂണിയൻ ഒപ്പം നിന്നു.' ജയ്‌ശങ്കർ വ്യക്തമാക്കി. സമീപത്തെ പലരാജ്യങ്ങളും പട്ടാളഭരണത്തിലേക്ക് പോയപ്പോൾ ഇന്ത്യയുമായി സോവിയറ്റ് യൂണിയൻ നല്ല ബന്ധം കാത്തെന്ന് അദ്ദേഹം പറഞ്ഞു.
സൈനിക, ആണവ, ബഹിരാകാശ മേഖലക്ക് പുറമേ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരവും നിക്ഷേപവും നടത്തുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യ യൂറോപ്പുമായും വ്യാപാര കരാർ തുടരുന്നതിന്റെ വിവിധ വശങ്ങളും ജയ്‌ശങ്കർ ഓർമ്മിപ്പിച്ചു.