വോട്ടവകാശം ഇല്ലാതാക്കുന്നത് ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണം, എസ്ഐആറിൽ പരോക്ഷ വിമർ‌ശനവുമായി സുപ്രീംകോടതി ജസ്റ്റിസ്

ന്യൂഡൽഹി: രാജ്യത്തെ പൗരൻമാരുടെ വോട്ടവകാശം ഇല്ലാതാക്കുന്ന ഏതൊരു നടപടിയും ഭരണ ഘടനയ്ക്ക് നേരെയുള്ള ആക്രമണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ. അത്തരമൊരു നടപടിയെടുക്കാൻ ഒരു അധികാരികൾക്കും കഴിയില്ലെന്നും ഒരു കോടതിക്കും അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈദരാബാദ് നൽസാർ യൂണിവേഴ്‌സിറ്റി ഒഫ് ലായിൽ ജസ്റ്റിസ് ബി.ആ‍ർ. സാവ്നി മെമ്മോറിയൽ മൂട്ട് കോർട്ട് മത്സരത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ ഭരണഘടന വോട്ടവകാശമുള്ള പൗരൻമാർ,​ വോട്ടവകാശമില്ലാത്ത പൗരൻമാർ എന്നിങ്ങനെ രണ്ട് വിഭാഗം പൗരൻമാരെ വിഭാവനം ചെയ്യുന്നില്ല. ദശലക്ഷ കണക്കിന് ഇന്ത്യൻ പൗരൻമാരുടെ വോട്ടവകാശം നിഷേധിക്കുന്ന തരത്തിലുള്ള ഏതെങ്കിലും നടപടി ഉണ്ടായാൽ അതിലൂടെ സ്വന്തം രാജ്യത്ത് തന്നെ വോട്ടവകാശമില്ലാത്ത രണ്ടാംതരം പൗരൻമാരായി അവർ മാറും. അത്തരമൊരു നടപടി സ്വതവേ ഏകപക്ഷീയമാണ്. എന്തൊക്കെ വാദങ്ങൾ ഉന്നയിച്ചാലും അത് ന്യായീകരിക്കാനാവില്ല. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയാണ് അത് ബാധിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയിലെ സമത്വത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന അനുച്ഛേദം 14ന്റെയും സാർവത്രിക പ്രായപൂർത്തി വോട്ടവകാശം വ്യവസ്ഥ ചെയ്യുന്ന അനുച്ഛേദം 326ന്റെയും ലംഘനമാണ് ഇത്തരം നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ തന്റെ പ്രസംഗത്തിൽ എവിടെയും എസ്.ഐ.ആറിനെ കുറിച്ചോ തിരഞ്ഞെടുപ്പ് കമ്മിഷനെ കുറിച്ചോ ജസ്റ്റിസ് ഭുയാൻ പരാമർശിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *