‘തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്താൻ ശ്രമം, വിശ്വാസ്യത തകർക്കുന്നു’: തുറന്ന കത്തുമായി 42 മുൻ ജഡ്ജിമാർ

ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്ന ശ്രമങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് മുൻ ജഡ്ജിമാർ അടങ്ങുന്ന 42 അംഗ സംഘം രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്തെഴുതി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ മുൻ ജഡ്ജിമാർ ആശങ്ക അറിയിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും എസ്ഐആ‌റിനും എതിരെ പ്രതിപക്ഷപാർട്ടികളുടെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് മുൻ ജഡ്ജിമാരുടെ കത്ത് പുറത്തുവന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ നിരന്തരം സംശയ നിഴലിലാക്കുന്നത് ജനാധിപത്യത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നു.

തെളിവുകളില്ലാതെ വോട്ട് ക്രമക്കേട് നടന്നുവെന്ന് ആരോപിക്കുന്നത് ആശങ്കാജനകമാണെന്നും ജഡ്ജിമാർ കത്തിൽ വ്യക്തമാക്കി. വിമ‌ർശിക്കുന്നത് ജനാധിപത്യപരമായ അവകാശമാണ്. എന്നാൽ ഭരണഘടനാ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തുന്നത് ശരിയല്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും എന്നാൽ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കൃത്യമായ തെളിവുകൾ ആവശ്യമാണെന്നും കത്തിൽ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നത് സ്വതന്ത്രവും നീതിയുക്തവുമായ ജനാധിപത്യത്തിന് അനിവാര്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സുപ്രീംകോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരും മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും മറ്റ് വിരമിച്ച ജഡ്ജിമാരും കത്തിൽ ഒപ്പിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *