: അതിവേഗം വളരുന്ന ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. സംസ്ഥാനത്ത് ലൈഫ് സയന്‍സസ് മേഖലയിലെ നിക്ഷേപവും വ്യവസായ സഹകരണവും ശക്തിപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര ലെഫ് സയന്‍സസ് കോണ്‍ക്ലേവ് ‘ബയോ കണക്ട് 4.0’ നെ വെര്‍ച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.നൂതനാശയങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളുമായി എത്തുന്ന ആഭ്യന്തര-വിദേശ നിക്ഷേപകരുമായി സഹകരിക്കാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപകര്‍ക്ക് ആവശ്യമായ ലൈസന്‍സുകളും അനുമതികളും ഒരൊറ്റ ഇടത്തില്‍ ലഭ്യമാക്കുന്നതിനായി ‘സരള്‍ കേരള’ സംരംഭം സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്.
അറിവിനെ കണ്ടെത്തലുകളായും, കണ്ടെത്തലുകളെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പരിഹാരങ്ങളായും മാറ്റുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ കാഴ്ചപ്പാട്. ‘ബയോ കണക്ട് 4.0’ പോലുള്ള സംരംഭങ്ങളുടെ പ്രധാന ലക്ഷ്യവും ഇതുതന്നെയാണ്.ലൈഫ് സയന്‍സസ് മേഖലയിലെ ഗവേഷണം, നൂതനാശയങ്ങള്‍, സംരംഭങ്ങള്‍ എന്നിവയ്ക്ക് കേരളം അനുയോജ്യമായ സ്ഥലമാണ്. നിക്ഷേപകര്‍ക്ക് ആഗോളതലത്തില്‍ പ്രയോജനപ്പെടുത്താവുന്ന തരത്തില്‍ സംസ്ഥാനത്തിന്‍റെ അനുകൂല ഘടകങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.