ഒട്ടാവ: പെട്ടെന്ന് 30 കോടി രൂപ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വന്നാൽ നിങ്ങൾ എന്തുചെയ്യും? പണം ബാങ്കിലിട്ട് വെറുതെയിരിക്കുമോ? അതോ സ്വപ്നങ്ങളുടെ പട്ടികയിൽ കൂടുതൽ നിറങ്ങൾ തുന്നിപ്പിടിപ്പിക്കുമോ? ഈ ചോദ്യങ്ങൾ കാനഡയിലെ എഡ്മണ്ടണിൽ താമസിക്കുന്ന മലയാളി യുവതി സ്നേഹ ജോയിയോട് ചോദിക്കാം. കാരണം, അവരെ തേടിയെത്തിയത് 5 മില്യൺ ഡോളർ (30 കോടിയിലധികം രൂപ) സമ്മാനമാണ്. കാനഡയിലെ 'ലോട്ടോ 6/49' ലോട്ടറിയിലൂടെ അവർ കോടീശ്വരിയായത്.
ലോട്ടറിയിലൂടെ 5 മില്യൺ ഡോളർ (30 കോടിയിലധികം രൂപ) സമ്മാനമായി നേടിയതോടെ സ്നേഹ ഒറ്റരാത്രികൊണ്ട് കോടീശ്വരിയായി മാറി. ഇനി കാനഡയിലെ വീടിന്റെ കടം തീർത്ത ശേഷം ലോകം ചുറ്റിക്കാണാൻ പുറപ്പെടാനൊരുങ്ങുകയാണ് ഈ എറണാകുളം ജില്ലയിലെ പെരുമ്പാവൂർ വേങ്ങൂർ സ്വദേശിനി.
തന്റെ മൊബൈൽ ഫോണിൽ ലോട്ടറി ടിക്കറ്റ് പതിവുപോലെ പരിശോധിക്കുന്നതിനിടയിലാണ് സ്നേഹയുടെ ജീവിതം മാറ്റിമറിച്ച ആ നിമിഷം എത്തിയത്. ഒക്ടോബർ 21-ന് നടന്ന നറുക്കെടുപ്പിലെ ആറ് അക്കങ്ങളും കൃത്യമായി ഒത്തുവന്നപ്പോൾ വിശ്വസിക്കാൻ പോലും പ്രയാസമായിരുന്നെന്ന് സ്നേഹ പറയുന്നു. "ഞാൻ ഞെട്ടിപ്പോയി," വെസ്റ്റേൺ കാനഡ ലോട്ടറി കോർപ്പറേഷന്റെ പത്രക്കുറിപ്പിൽ സ്നേഹയുടെ വാക്കുകൾ ഇങ്ങനെ ഉദ്ധരിക്കുന്നു.
ഏറ്റവും രസകരമായ കാര്യം കോടീശ്വര യോഗം തുണച്ച സ്നേഹയെ തിരഞ്ഞെടുപ്പിൽ ഭാഗ്യം തുണച്ചില്ല എന്നതാണ്. 2020-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് 13 വോട്ടുകൾക്ക് പരാജയപ്പെട്ടതിന് പിന്നാലെയാണ് സ്നേഹ ഭർത്താവിനൊപ്പം കാനഡയിലേക്ക് താമസം മാറിയത്. ഇത് ഇത്തരമൊരു അപൂർവ ധനയോഗം ലഭിക്കാനായിരുന്നിരിക്കാം.
ഈ വർഷം ആദ്യം, രണ്ട് മലയാളി പ്രവാസികൾക്ക് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഒരു മില്യൺ ഡോളർ വീതം സമ്മാനം ലഭിച്ചിരുന്നു. അബുദാബിയിൽ ഏവിയേഷൻ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന 48-കാരനായ കബീർ പൂവത്തിങ്ങൽ, ഷാർജ എയർപോർട്ട് ഇന്റർനാഷണൽ ഫ്രീ സോണിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന 30-കാരനായ മുഹമ്മദ് ഷിബിൽ തയ്യിൽ എന്നിവരായിരുന്നു ആ ഭാഗ്യവാന്മാർ.