കൊച്ചി: ഒറ്റ ദിവസംകൊണ്ട് കോടീശ്വരനായിരുന്നെങ്കിലെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്താവരായി അരുമുണ്ടാകില്ല. പെട്ടെന്ന് ഒരു ദിവസം അങ്ങനെ സംഭവിച്ചാലോ? ആരായാലും ഒന്ന് ഞെട്ടും. അങ്ങനെ ഞെട്ടിയിരിക്കുകയാണ് തൃപ്പുണ്ണിത്തുറയിലെ ദർശന സൂപ്പർമാർക്കറ്റ് ഉടമയായ സുമേഷ് കുമാർ.
ഇന്നലെയാണ് സംഭവം. രാവിലെ സൂപ്പർമാർക്കറ്റിന്റെ അക്കൗണ്ട് ബാലൻസ് പരിശോധിച്ച സുരേഷ് കണ്ടത് 3,500 കോടിയിലധികം രൂപയാണ്. നിമിഷ നേരംകൊണ്ട് കോടീശ്വരനായതിന്റെ സന്തോഷത്തിനേക്കാൾ എന്താണ് സംഭവിച്ചതെന്ന ഞെട്ടലിലും പേടിയിലുമായിരുന്നു അദ്ദേഹം.
സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലാണ് ഇത്രയുമധികം രൂപ എത്തിയത്. കടയിലെ കാർഡ് സ്വൈപ്പിംഗ് ഇനത്തിൽ തന്നെ മൂന്നര കോടി രൂപ വീതം രണ്ടു തവണയായി 7 കോടി രൂപ അക്കൗണ്ടിൽ എത്തിയതായി സന്ദേശവും എത്തി. ബാലൻസ് കണ്ട ഉടൻ തന്നെ സുമേഷ് ബാങ്ക് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ സാങ്കേതിക തകരാറാണ് ഇതിന് പിന്നാലെന്ന് ബാങ്ക് അധികൃതർ കണ്ടെത്തുകയായിരുന്നു. വൈകിട്ടോടെ അക്കൗണ്ടിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ബാലൻസ് സാധാരണ നിലയിലാക്കുകയും ചെയ്തു. ഒറ്റപ്പകൽകൊണ്ട് കോടീശ്വരനായി മാറിയത് തന്റെ ജീവിതത്തിലെ ഏറ്റവും രസകരമായ അനുഭവമായിരുന്നുവെന്നാണ് സുമേഷ് കുമാറിന്റെ പ്രതികരണം.